
കൊച്ചി: നഗരത്തിലെ പ്രമുഖ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് പൊലീസിന്റെ രഹസ്യ സ്‌ക്വാഡെന്ന വ്യാജേന നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ബിസിനസുകാരന്റെ ഡ്രൈവർ നോട്ട് ഇരട്ടിപ്പ് കേസിലെ പ്രതിയെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ഡ്രൈവറും കൂട്ടാളികളും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയതായി ആരോപണമുണ്ട്. ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ ബന്ധുക്കളാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇടപാടുകളിലെ പങ്കാളിയായ ബിസിനസുകാരനിൽ നിന്ന് എട്ട് ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇത് ജോലി തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയാണെന്ന് കരുതുന്നു.
ഈ മാസം ഒന്നിന് രാത്രിയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊർജ്ജിതം ആക്കിയതോടെ 5ന് രാവിലെ ഇയാളെ സംഘം കോയമ്പത്തൂരിലെ വഴിയരികിൽ ഉപേക്ഷിച്ചു. രക്ഷപ്പെട്ട യുവാവ് പൊലീസിന് മുന്നിൽ ഹാജരാകാതെ മുങ്ങിയിരിക്കുകയാണ്. നിലവിൽ കോയമ്പത്തൂരിലേക്ക് കടന്ന നാലംഗ സംഘത്തിനായും ബന്ദിയാക്കപ്പെട്ട കണ്ണൂർ സ്വദേശിക്കായും പൊലീസ് ഒരേസമയം അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ സ്വദേശികളായ ഷെമീർ (40), അജീഷ് (40), കണ്ടാലറിയുന്ന മറ്റ് രണ്ടുപേർ എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്.
പൊലീസിന്റെ സ്‌ക്വാഡാണെന്ന് അവകാശപ്പെട്ടാണ് സംഘം യുവാവിനെ ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റിക്കൊണ്ടുപോയത്. യുവാവിന്റെ മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ, മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോളിന്റെ ഉറവിടം തൃശൂർ ആണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് പ്രതികളുടെ വീട്ടിലെത്തിയതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്.
നിർണായകമായത് ടാക്സിക്കാരന്റെ ഇടപെടൽ
കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അവസാനം കോട്ടയത്തെത്തിയ കണ്ണൂർ സ്വദേശി അവിടെനിന്ന് ടാക്സിയിലാണ് കൊച്ചിയിലെത്തിയത്. ഒന്നിന് രാത്രി എട്ടോടെ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇതിന് തൊട്ടുമുമ്പ് മറ്റൊരു കാറിലേക്ക് ചാക്കിൽ പൊതിഞ്ഞ നിലയിൽ ചില സാധനങ്ങൾ ഇയാൾ കൈമാറിയിരുന്നു. യുവാവിനെ ബലമായി കൊണ്ടുപോകുന്നത് കണ്ട ടാക്സി ഡ്രൈവർ ഉടൻതന്നെ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഈ വിവരമാണ് അന്വേഷണത്തിൽ നിർണായകം ആയത്. ഇയാൾക്ക് ഹവാല ഇടപാടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |