SignIn
Kerala Kaumudi Online
Monday, 29 June 2026 3.15 AM IST

രാസലഹരി: യുവതികളുൾപ്പെടെ ഹോട്ടലിൽ നിന്ന് 8 പേർ പിടിയിൽ

arrest

അറസ്റ്റിലായവരിൽ വനിതാ ലാബ് ടെക്നീഷ്യൻ, ഫിലിം ഡിസ്ട്രിബ്യൂട്ടർ, യു.പി സ്വദേശിനി

കൊച്ചി: എറണാകുളം നഗരത്തിൽ ഹോട്ടലിലെ നാലു മുറികളിൽ തങ്ങിയ യുവതികളുൾപ്പെടെ എട്ടുപേരെ മയക്കുമരുന്നുമായി കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ഹോട്ടലിന്റെ ഓഫീസ് മുറിയിൽ നിന്ന് രാസലഹരിയും കണ്ടെത്തി. അറസ്റ്റിലായവരിൽ എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ടെക്നീഷ്യനും ഉത്തർപ്രദേശ് യുവതിയും ഉൾപ്പെടുന്നു.

ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി കോട്ടയം ആർപ്പൂക്കര വാഴൂർപറമ്പിൽ വീട്ടിൽ ധന്യ എം.രാജൻ (27), സുഹൃത്ത് കോട്ടയം മണ്ണത്തൂർ വീട്ടിൽ അരുൺ ഗോപൻ (38), സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പാലക്കാട് ചാലിശേരി ശിവക്ഷേത്രത്തിന് സമീപം തണ്ണീർക്കോട് ശ്രീരാഗ് (35), സിനിമാ ഡിസ്ട്രിബ്യൂട്ടർ ചേർത്തല പള്ളിപ്പുറം കിഴക്കേ തോട്ടുങ്കൽ വീട്ടിൽ ജ്യോതിഷ്‌കുമാർ (36). സ്നേഹിത ഇരിങ്ങാലക്കുട ചേലമ്പാടം തെക്കേക്കര വീട്ടിൽ സാമന്ത ജോസ് (32), മലപ്പുറം ഡൗൺഹിൽ ചെങ്ങാംപള്ളി കൈയിനോട് ഫൽജാഷ് മുഹമ്മദ് അഫ്നാൻ (28), നായരമ്പലം പുതുപ്പറമ്പിൽ വീട്ടിൽ പി.എസ്.സാംജിത്ത് (23), ഉത്തർപ്രദേശ് ജഗദീശ് പൂരി സ്വദേശിനി പാലക് സിംഗ് (20) എന്നിവരാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.

ഹോട്ടലിന്റെ നാലാംനിലയിൽ അടുത്തടുത്ത നാല് മുറികളിലായാണ് ഇവർ തങ്ങിയത്. ശ്രീരാഗിനൊപ്പം ഭാര്യയും കൈക്കുഞ്ഞും ഉണ്ടായിരുന്നു. മുറിയിൽ നിന്ന് 0.24 ഗ്രാം എം.ഡി.എം.എയും സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. തൊട്ടടുത്ത മുറിയിൽ നിന്നാണ് ആശുപത്രി ഇ.സി.ജി ടെക്നീഷ്യൻ ധന്യയും സുഹൃത്ത് അരുൺ ഗോപനും പിടിയിലാകുന്നത്. 0.37 എം.ഡി.എം.എയും ലഹരി വലിക്കാനുള്ള ഫ്യൂമിംഗ് പൈപ്പുകളും ലഹരി പൊതിയുന്ന നിരവധി ഒ.സി.ബി പേപ്പറുകളും കണ്ടെടുത്തു. ജ്യോതിഷ്‌കുമാറും കൂട്ടുകാരിയും തങ്ങിയ മുറിയിൽ നിന്ന് 0.22 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാർത്ഥിനിയായ പാലക്‌സിംഗും ഫൽജാഫും സാംജിത്തും ഒരുമിച്ചായിരുന്നു. 0.46 കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.

രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട പരിശോധനയിൽ 8 പേർ പിടിയിലായതോടെ സംശയം തോന്നിയ പൊലീസ് രാത്രി 8ന് ഹോട്ടലിന്റെ ഒന്നാംനില പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിൽ നിന്ന് 1.23 ഗ്രാം എം.ഡി.എം.എയും 0.19 ഗ്രാം എം.ഡി.എം.എ തരികൾ പറ്റിപ്പിടിച്ചവ ഉൾപ്പെടെ നിരവധി സിപ്പ് ലോക്ക് കവറുകളും പിടിച്ചെടുത്തത്. കടവന്ത്ര എസ്.ഐ കെ.ഷാഹിനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്മോൾ ക്വാണ്ടിറ്റി പരിധിയിൽപ്പെട്ട രാസലഹരിയായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചെങ്കിലും തൊട്ടടുത്ത മുറികളിൽ ലഹരി ഉപയോഗിക്കുന്നവർ തമ്പടിച്ചതും ഇവർക്ക് എങ്ങനെ രാസലഹരി കിട്ടി എന്നതിനെക്കുറിച്ചും പൊലീസ് വിശദഅന്വേഷണം ആരംഭിച്ചു. ഓഫീസ് മുറിയിൽ നിന്ന് എം.ഡി.എം.എ പിടിച്ച കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY