
ആലുവ: പെരുമ്പാവൂർ എ.എസ്.പി താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിലായ കേസിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതി പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി പി.സഞ്ജയ് (22) എന്നിവരാണ് അറസ്റ്റിലായത്.
തായ്ലാൻഡിൽ നിന്ന് എയർപോർട്ടുകളിലൂടെ കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിക്കുന്ന ശൃംഖലയിലെ കണ്ണികളാണിവർ. ഇവരിൽ നിന്ന് മൊബൈൽ, ബാങ്ക് ഇടപാട് രേഖകൾ, വിദേശ യാത്രാരേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു. നേരത്തെ സ്വർണക്കടത്തു നടത്തിയിരുന്ന അബു താഹിർ പത്തുവർഷമായി കഞ്ചാവ് കച്ചവടം നടത്തുകയാണ്.
ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ മന്നം മാക്കനായി സ്വദേശി അനില (34) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച പിടികൂടിയത്. ഇവരിൽ നിന്ന് മുഖ്യപ്രതിയുടെ അസിസ്റ്റന്റായ ഹരികൃഷ്ണനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഹരികൃഷ്ണനെ പാലക്കാട് നിന്ന് പിടികൂടിയ ശേഷം ഇയാളിലൂടെയാണ് കാരിയർമാരായ പ്രസ്ജിത്ത്, ശ്രീജേഷ്, സഞ്ജയ് എന്നിവരെയും അബു താഹിറിനെയും അറസ്റ്റുചെയ്തത്. ബംഗളൂരുവിൽ പിടിയിലായ അബു താഹിറിനെ ഇന്നലെ രാത്രിയോടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റൂറൽ എസ്.പി കെ.എസ്.സുദർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ മാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മൊത്തക്കച്ചവടക്കാരൻ 'മാർക്കോ"
ഹൈബ്രിഡ് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരൻ ബാങ്കോക്കിലുള്ള മാർക്കോയാണെന്ന് വ്യക്തമായി. ഇയാൾ ഇന്ത്യക്കാരനാണോയെന്ന് അറിയില്ലെന്ന് അബു താഹിർ പൊലീസിനോട് പറഞ്ഞു. നെടുമ്പാശേരി വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെ സഹായികളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഏഴ് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഒരാൾ ഒറ്റ ട്രിപ്പിൽ കൊണ്ടുവരിക. കാരിയർക്ക് വിസയും ടിക്കറ്റും 50,000 രൂപ പ്രതിഫലവും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |