
കൊച്ചി: രണ്ടാം ഭർത്താവ് വിസമ്മതം അറിയിച്ചതോടെ, ആദ്യബന്ധത്തിലെ രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച മാതാവിന്റെയും സുഹൃത്തിന്റെയും നാടകം പൊളിച്ച് പൊലീസ്. കൂടുതൽ ചോദ്യം ചെയ്യലിനായി മാതാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ച് പൊലീസ്.
എറണാകുളം ജനറൽ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ, അമ്മത്തൊട്ടിലിന് കൈമാറിയേക്കും.
ഇന്നലെ പുലർച്ചെ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിന് സമീപം അടഞ്ഞുകിടന്ന തട്ടുകടയ്ക്ക് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. കുഞ്ഞിന്റെ മാതാവ് ആദ്യഭർത്താവുമായി പിരിഞ്ഞ് ഇടുക്കി സ്വദേശിയായ മറ്റൊരാളുമായാണ് താമസം. ആദ്യബന്ധത്തിലുള്ള കുഞ്ഞിനെ വളർത്താൻ നിലവിലെ ഭർത്താവ് വിസമ്മതമറിയിച്ചതോടെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആളുകളുണ്ടായിരുന്നതിനാൽ നടന്നില്ല. തിരിച്ചു പോകുമ്പോൾ അർദ്ധരാത്രിയാണ് ഇടറോഡിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ പ്ലാസ്റ്റിക്ക് മേശയിൽ ഉപേക്ഷിച്ചത്.
നായ് ശല്യമുള്ളതിനാൽ കുട്ടിയെ രഹസ്യമായി നോക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. ശേഷം സുഹൃത്ത് ചായ കുടിക്കാനെത്തിയപ്പോൾ കണ്ടതാണെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചറിയിച്ചു. കൺട്രോൾ റൂം പൊലീസും മരട് പൊലീസുമെത്തി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. രാവിലെ മൊഴി നൽകാനെത്തിയപ്പോഴാണ് ഉപേക്ഷിച്ചതാണെന്നും തെരുവു നായ്ക്കൾ കടിക്കുമെന്ന് കരുതിയാണ് വിളിച്ചറിയിച്ചതെന്നും സുഹൃത്ത് വെളിപ്പെടുത്തിയത്. യുവാവിനെ, പിന്നീട് ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. മാതാവിനോട് ഹാജരാകാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |