SignIn
Kerala Kaumudi Online
Tuesday, 04 August 2026 5.08 AM IST

3 മണിക്കൂറിൽ കുത്തേറ്റത് 3 പേർക്ക്: തിയോഫിനെ പ്രകോപിപ്പിച്ചത് ബൈക്ക് മോഷണം ചോർത്തിയത്

thiyofin-kodimaram-jose
തിയോഫിൻ, കൊടിമരം ജോസ്

കൊച്ചി: സ്ഥിരം കുറ്റവാളികളായ തിയോഫിനും കൊടിമരം ജോസും ചേർന്ന് വെള്ളിയാഴ്ച രാത്രി കുത്തി പരിക്കേൽപ്പിച്ചത് മൂന്നു പേരെ. എറണാകുളം മാർക്കറ്റിൽ ഉറങ്ങിക്കിടന്ന തിയോഫിന്റെ ഭാര്യ രേഷ്മയ്‌ക്കും (പാഞ്ചാലി) മകൻ കണ്ണനും കുത്തേൽക്കും മുമ്പ് പാലാരിവട്ടത്ത് മറ്റൊരു യുവാവിനും പ്രതികളുടെ കുത്തേറ്റിരുന്നു. ബൈക്ക് മോഷണം പൊലീസിന് ചോർത്തിക്കൊടുത്തതാണ് പ്രകോപനം. മൂന്ന് മണിക്കൂർ ഇടവേളയിലാണ് കൊച്ചി സിറ്റിയിൽ രണ്ടിടത്തായി ഇവർക്ക് കുത്തേറ്റത്.

രാത്രി എട്ടിന് ചളിക്കവട്ടം പെട്രോൾ പമ്പിന് സമീപത്തെ കെട്ടിടത്തിൽ മട്ടാഞ്ചേരി സ്വദേശി ഷൈജുവിനാണ് (36) ആദ്യം കുത്തേറ്റത്. മഴ പെയ്യുമ്പോൾ ഷൈജുവും സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ജിത്തുരാജും കെട്ടിട വരാന്തയിൽ നിൽക്കുകയായിരുന്നു. ഈ സമയം തിയോഫിന്റെയും കൊടിമരം ജോസിന്റെയും നേതൃത്വത്തിലെത്തിയ നാലു പേരടങ്ങുന്ന സംഘം ഷൈജുവിനെ ആക്രമിച്ചു. ജോസാണ് കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിയത്. മറ്റ് മൂന്നു പ്രതികൾ യുവാവിനെ തടഞ്ഞുവച്ചു. ഷൈജുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 11നാണ് എറണാകുളം തോട്ടത്തിൽ ട്രേഡേഴ്സ് കടവരാന്തയിൽ കിടന്ന രേഷ്മയ്‌ക്കും ആദ്യബന്ധത്തിലെ മകൻ കണ്ണനും കുത്തേറ്റത്. മകനെ തിയോഫിൻ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രേഷ്മയ്‌ക്ക് കുത്തേറ്റത്. ജോസും തിയോഫിനും ചേർന്നാണ് കണ്ണനെ കുത്തിയത്. മുഖത്തും കഴുത്തിലും തുടയിലും കുത്തേറ്റു. രേഷ്മയുടെ ഇടത് കാലിനാണ് കുത്തേറ്റത്.

ജയിലിൽ നിന്നിറങ്ങിയത് 2 ആഴ്ച മുമ്പ്

മോഷ്ടിച്ച ബൈക്കുമായി തിയോഫിനെ മാസങ്ങൾക്ക് മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബൈക്കാണെന്ന് കണ്ണനും ഷൈജുവും പൊലീസിന് നൽകിയ മൊഴിയാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ കേസിൽ 13 ദിവസം മുമ്പ് മാത്രമാണ് തിയോഫിൻ പുറത്തിറങ്ങിയത്. 22കേസുകളിൽ പ്രതിയായ ഇയാളെ മുമ്പ് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.

കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ കൊടിമരം ജോസ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. 2025 ൽ നോർത്ത് മേൽപ്പാലത്തിന് സമീപം യുവാക്കളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ തൃശൂരിൽ നിന്നാണ് നോർത്ത് പൊലീസ് പിടികൂടിയത്. കുത്തേറ്റ ഷൈജു, രേഷ്മ, കണ്ണൻ, ഷൈജുവിന്റെ സുഹൃത്ത് ജിത്തുരാജ് എന്നിവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ജോസിനും തിയോഫിനും വേണ്ടി എറണാകുളം സെൻട്രൽ, പാലാരിവട്ടം പൊലീസ് സംഘങ്ങൾ തെരച്ചിൽ തുടരുന്നു. വധശ്രമത്തിനാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY