
കൊച്ചി: ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന പ്രധാന ഇടനിലക്കാരനും കൂട്ടാളികളും പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 281ഗ്രാം രാസലഹരിയുമായി എറണാകുളം എക്സൈസിന്റെ പിടിയിലായി. തിരുവല്ല സ്വദേശി വരുൺദേവ് (35), കൂട്ടാളികളായ പറവൂർ മന്നംസ്വദേശി സിദ്ദിഖ് (27), പച്ചാളം സ്വദേശി ഫിനല മരിയ ഡി റോസാരിയോ (18), തിരുവല്ല മുത്തൂർക്കര സ്വദേശി വിപിൻ എസ്. കുമാർ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
വൈറ്റിലയിൽവച്ചാണ് സംസ്ഥാനത്തെ പ്രധാന ലഹരി ഇടനിലക്കാരൻ വരുൺദേവ് വലയിലായത്. എക്സൈസ് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം കലൂരിലെ സ്വകാര്യ ആഡംബരഹോട്ടലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിന്റെ ചുരുളഴിയുന്നത്. ഹോട്ടൽ മുറിയിൽ സൂക്ഷിച്ചിരുന്ന 49 ഗ്രാം എം.ഡി.എം.എയുമായി സിദ്ദിഖ്, ഫിനല മരിയ എന്നിവരെ ആദ്യം കസ്റ്റഡിയിലെടുത്തു. ഓണക്കാലത്തെ ലഹരിപ്പാർട്ടികൾ കേന്ദ്രീകരിച്ച് വില്പന നടത്താനാണ് ഇവർ ലഹരിയെത്തിച്ചതെന്ന് വ്യക്തമായി.
തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് ഡൽഹിയിൽനിന്ന് എം.ഡി.എം.എ എത്തിച്ചുനൽകുന്ന പ്രധാന ഇടനിലക്കാരനായ വരുൺദേവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഉച്ചയോടെ പുതിയ ഡീലിനായി കോട്ടയം ഭാഗത്തുനിന്ന് വൈറ്റിലയിലേക്ക് മഹീന്ദ്ര ഥാർ ജീപ്പിൽ വരുൺദേവും വിപിനും എത്തുന്നതറിഞ്ഞ് എക്സൈസ് വൈറ്റിലയിൽ കാത്തുനിന്നു. ട്രാഫിക് ബ്ലോക്കിൽപ്പെട്ട ഥാർ ജീപ്പ് എക്സൈസ് സംഘം സാഹസികമായി തടയുകയായിരുന്നു. ജീപ്പിന്റെ സ്റ്റിയറിംഗിന് അടിയിലായി ഒളിപ്പിച്ചനിലയിൽ 232 ഗ്രാം എം.ഡി.എം.എകൂടി കണ്ടെടുത്തു. പ്രതികളിൽനിന്ന് ലഹരിവിറ്റ വകയിലുള്ള 69,425 രൂപയും മൊബൈൽഫോണുകളും ഥാർ ജീപ്പും എക്സൈസ് പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |