
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന്റെ (എ.ബി.എസ്.എൽ) വ്യാജ പ്ലാറ്റ്ഫോമിലൂടെ സൈബർകുറ്റവാളികൾ തട്ടിയെടുത്തത് 61.62 ലക്ഷം രൂപ. കൊച്ചിയിലെ സോഫ്റ്റ്‌വെയർ എൻജിനിയറായ 55കാരനാണ് തട്ടിപ്പിനിരയായത്. വ്യാജ പ്ലാറ്റ്ഫോമിൽ കാണിച്ച ഒന്നരക്കോടിരൂപ ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ആദിത്യ ബിർള ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് സൈബർതട്ടിപ്പ് പുറത്തായത്. വ്യാജവാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് എ.ബി.എസ്.എൽ ഔദ്യോഗിക വൈബ്സൈറ്റിലൂടെ മുന്നറിയിപ്പ് നൽകി.
തൃപ്പൂണിത്തുറയിലെ ഐ.ടി എൻജിനിയർക്കാണ് സ്വകാര്യ ഐ.ടി സ്ഥാപനത്തിൽനിന്ന് വി.ആർ.എസ് എടുത്തപ്പോൾ കിട്ടിയ ജീവിതസമ്പാദ്യം നഷ്ടമായത്. ഈവർഷം ആദ്യമാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഹരിനിക്ഷേപ ഇടപാട് സ്ഥാപനമായ ആദിത്യ ബിർള മണിയുടെ ഓഹരിനിക്ഷേപത്തിൽ താത്പര്യമുണ്ടോയെന്ന് ആരാഞ്ഞ് വാട്സാപ്പിൽ സന്ദേശം വന്നത്. 100 ശതമാനമാണ് ലാഭം വാഗ്ദാനംചെയ്തത്.
ദിയ മെഹ്റ എന്ന യുവതിയാണ് ലിങ്ക് അയച്ചുകൊടുത്തതും എ.ബി.എസ്.എൽ പ്ലാറ്റ്ഫോമിൽ ചേർത്തതും. തുടർന്ന് 2026 ഫെബ്രുവരി 16 മുതൽ ഏപ്രിൽ 4വരെ 9 ഇടപാടുകളിലൂടെ 61.62 ലക്ഷം രൂപയാണ് അയച്ചുകൊടുത്തത്. തട്ടിപ്പ് സംഘം നൽകിയ ബാങ്ക് അക്കൗണ്ടുകളിലാണ് കൈമാറിയത്. ഇതിനിടെ ഒന്നരക്കോടിരൂപ ലാഭംകിട്ടിയതായി പ്ലാറ്റ്ഫോമിൽ കണ്ടു. ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം നിക്ഷേപിക്കേണ്ടിവരുമെന്ന് കിട്ടിയ മറുപടിയിലാണ് സംശയംതോന്നി ആദിത്യ ബിർള ഗ്രൂപ്പുമായി എൻജിനിയർ ബന്ധപ്പെട്ടത്.
100 ശതമാനം ലാഭവിഹിതം നൽകുന്ന നിക്ഷേപപദ്ധതികൾ തങ്ങൾക്കില്ലെന്നും സൈബർപൊലീസിൽ പരാതിപ്പെടാനും എ.ബി.സി.എൽ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പിന്നാലെ ആദിത്യ ബിർള മണിയുടെ വൈബ്‌സൈറ്റിൽ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പുലർത്താൻ മുന്നറിയിപ്പും പ്രത്യക്ഷപ്പെട്ടു. കേസെടുത്ത ഹിൽപാലസ് പൊലീസ് 14ലക്ഷംരൂപ വിവിധ ബാങ്കുകളിലായി മരവിപ്പിച്ച് നിറുത്തിയിട്ടുണ്ട്. 3ലക്ഷംരൂപ ഉടൻ തിരികെ ലഭിച്ചേക്കും. എൻജിനിയർ അയച്ചുകൊടുത്ത 61ലക്ഷംരൂപ 1200 മ്യൂൾഅക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പ്സംഘം മാറിയെടുത്തത്. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളാണ് കൂടുതലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |