
മലയിൻകീഴ്: മാതാവ് കഴുത്തറുത്ത് കൊന്ന ഒരു വയസുകാരിക്ക് വീട്ടിലെ കിടപ്പുമുറിയിൽ അന്ത്യവിശ്രമം.വിളവൂർക്കൽ പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ ഇവാനയുടെ (1) മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് 5ഓടെയാണ് വീട്ടിലെത്തിച്ചത്.പ്രാർത്ഥനയ്ക്കുശേഷം 6 ഓടെ കൊലപാതകം നടന്നതിന് സമീപത്തെ കിടപ്പുമുറിയിൽ സംസ്കരിച്ചു.
വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു മാതാവ് ക്രിസ്റ്റി (29) ഇവാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കുടുംബപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നാലാം വിവാഹ വാർഷിക ദിനത്തിലാണ് കുഞ്ഞിനെ ക്രിസ്റ്റി കൊലപ്പെടുത്തിയത്.ഇന്നലെ കാട്ടാക്കട ഡി.വൈ.എസ്.പി.ബിനുവിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവെടുത്തു.
ഒരുനോക്ക് കാണാൻ വൻ ജനാവലി
ഇവാനയെ അവസാനമായി ഒന്ന് കാണാൻ വൻ ജനക്കൂട്ടമാണ് വീട്ടുവളപ്പിൽ തടിച്ചുകൂടിയത്. കുഞ്ഞിനെ കാണാനെത്തിയവരെല്ലാം അലമുറയിട്ട് നിലവിളിച്ചു. ഇതിനിടെ ചിലരുടെ നിയന്ത്രണം വിട്ട് ക്രിസ്റ്റിയെ പഴിയ്ക്കുന്നുണ്ടായിരുന്നു.
പൊട്ടിക്കരഞ്ഞ് പിതാവ്
ഇവാനയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ പിതാവ് അഭിജിത്തും ഒപ്പമുണ്ടായിരുന്നു. നാട്ടുകാർ കൈകളിൽ ചേർത്ത് പിടിച്ചാണ് അഭിജിത്തിനെ മകളുടെ മൃതദേഹത്തിനരികിലെത്തിച്ചത്.ഏറെനാൾ കാത്തിരുന്ന് കിട്ടിയ തന്റെ പൊന്നുമകളുടെ മൃതശരീരത്തിനരികെ പൊട്ടിക്കരയുന്ന അഭിജിത്തിന്റെ നിലവിളി കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിച്ചു.
വിശ്വസിക്കാൻ കഴിയുന്നില്ല:
മൂലമൺ വാർഡ് അംഗം എൽസ.ജെ
ഒരു ഞെട്ടലോടെയാണ് കുഞ്ഞിന്റെ ക്രൂരമായ കൊലപാതക കേട്ടത്.കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെന്നറിഞ്ഞപ്പോൾ ഉടൻതന്നെ മലയിൽകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലും എത്തിയിരുന്നു.മരണം സ്ഥിരീകരിച്ചതോടെ അഭിജിത്തിനെ എങ്ങനെ സാമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്ന് വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വാർഡ് അംഗം എൽസ.ജെ പറഞ്ഞു.
ക്യാപ്ഷൻ: മാതാവ് കൊലപ്പെടുത്തിയ ഒരു വയസുകാരി ഇവാന
ഇവാനയുടെ മൃതദേഹത്തിനരികിൽ പിതാവ് അഭിജിത്ത്
ഇവാനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നാട്ടുകാർ
ഫാദർ പ്രവീൺ അന്ത്യകൂദാശ ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |