ചവറ: ഗണപതി മുഖം ക്ഷേത്രത്തിലേക്ക് നേർച്ചയായി സ്വർണ്ണത്തിൽ തീർത്ത് സമർപ്പിക്കാമെന്ന് പറഞ്ഞ് 5.65 ലക്ഷം രൂപ തട്ടിയ കേസിൽ സ്വർണ്ണപ്പണിക്കാരൻ അറസ്റ്റിൽ. കൊല്ലം ഉളിയക്കോവിൽ കടത്തൂർ തെക്കതിൽ സന്തോഷ് ആണ് പിടിയിലായത്. തേവലക്കര കോയിവിള അയ്യൻ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിൽ ചാർത്തുന്നതിനായി സ്വർണ്ണത്തിൽ ഗണപതി മുഖം പണിത് നൽകാമെന്ന് പറഞ്ഞ് കോയിവിള പുത്തൻ സങ്കേതം സ്വദേശിയെയാണ് പ്രതി കബളിപ്പിച്ചത്. 2024 ജൂൺ, ജൂലായ് മാസങ്ങളിലായാണ് പണം നൽകിയത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിച്ചു നൽകാത്തതിനാൽ സമർപ്പണ ചടങ്ങ് മുടങ്ങിയിരുന്നു.
തുടർന്ന് പരാതിയുമായി സമീപിച്ചെങ്കിലും ഉടൻ നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പ്രതി പലതവണ സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം കൊല്ലത്തുനിന്നാണ് പ്രതിയെ പിടകൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. എം. ഷബ്ന, എസ്.ഐ. ഷിറാസ്, സി.പി.ഒ. അരുൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |