SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ച സംഭവം കൗൺസിലർക്കെതിരെ അന്വേഷണത്തിന് സി.പി.എം; കൂടുതൽ ഇടപാടുകൾ പുറത്ത്

തിരുവനന്തപുരം: 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്.എല്ലിനെതിരെ അന്വേഷണം നടത്താൻ സി.പി.എം തീരുമാനിച്ചു. അതിനിടെ കൈക്കൂലി വാങ്ങി കോർപ്പറേഷന്റെ ഭൂമി സ്വകാര്യവ്യക്തിക്ക് നൽകാൻ അജിൻ സഹായിച്ചെന്ന പുതിയ ആരോപണവും പുറത്തുവന്നിട്ടുണ്ട്.

കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ വീഡിയോയും ശബ്ദരേഖയും പുറത്തുവന്നതിന് പിന്നാലെ അജിനോട് സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. ആരോപണം വ്യാജമാണെന്നും അപമാനിക്കാനാണ് ശ്രമമെന്നും അജിൻ നേതൃത്വത്തോട് വിശദീകരിച്ചു. ഭൂമാഫിയയുടെ പ്രവർത്തനങ്ങളാണിതെന്നായിരുന്നു അജിന്റെ ആരോപണം. തുടർന്നാണ് അന്വേഷണത്തിന് സി.പി.എം തീരുമാനിച്ചത്. പാർട്ടി പ്രവർത്തകൻ മാത്രമായതിനാൽ അന്വേഷണ കമ്മിഷനുണ്ടാകില്ല. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അന്വേഷിക്കാനാണ് തീരുമാനം.

ആരോപണം ഉന്നയിച്ച വ്യക്തിയെ നേരിട്ടുകണ്ട് കാര്യങ്ങൾ അന്വേഷിക്കും. തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും. ജനതാദൾ പ്രവർത്തകനായിരുന്ന അജിൻ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സി.പി.എമ്മിന്റെ ഭാഗമാകുന്നതും അംഗത്വമെടുക്കുന്നതും.

കോടതി കോർപ്പറേഷന് അനുകൂലമായി വിധിച്ച 14 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ അജിൻ കൂട്ടുനിന്നെന്നാണ് പുതിയ ആരോപണം. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ തന്നെയാണ് ഇതുമുള്ളത്. തങ്ങൾ സഹായിച്ചതുകൊണ്ടാണ് ഭൂമി സ്വകാര്യ വ്യക്തിക്ക് ലഭിച്ചതെന്നാണ് അജിൻ വീഡിയോയിൽ പറയുന്നത്. പുറമ്പോക്ക് ഭൂമി കേസ് നടത്തിയാണ് കോർപ്പറേഷന്റേതാക്കി മാറ്റിയതെന്നും വീഡിയോയിൽ പറയുന്നു.

കൈക്കൂലി ആരോപണത്തിൽ അന്വേഷണം നടത്തുന്നതിൽ വിജിലൻസ് നാളെ തീരുമാനമെടുക്കുമെന്നാണ് സൂചന. കെ.എസ്.ശബരീനാഥൻ ഉൾപ്പെടെ നൽകിയ പരാതികൾ വിജിലൻസ് പരിഗണനയിലാണ്. അഴിമതി നിരോധന നിയമപ്രകാരം കൗൺസിലർക്കെതിരെ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ല. നഗരസഭയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വസ്തുതകൾ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY