കാട്ടാക്കട: തലസ്ഥാന നഗരിയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാട്ടാക്കടയിൽ നടത്തിയ പ്രകടനത്തിനിടെ അക്രമം.അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും,പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനും നേതാക്കൾ ഉൾപ്പെടെ 50 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു.
പ്രകടനത്തിനിടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ വാഴകൾ വലിച്ചെറിഞ്ഞു.ഓഫീസിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഐ.എൻ.ടി.യു.സി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ തകർത്തു.കൊടിമരങ്ങൾ പിഴുതെറിയാനുള്ള ശ്രമം തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്.ഷൈൻദാസ്,എസ്.ടി.അജീഷ്,കളമച്ചൽ ഗോവിന്ദ്,ഗോകുൽ ഉദയൻ,നിയാസ് കുറ്റിച്ചൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.പട്ടണത്തിൽ നടന്ന പ്രതിഷേധയോഗം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ബിജു ഉദ്ഘാടനം ചെയ്തു.
നേതാക്കളെ അക്രമിച്ചതിലും,വഴിയിൽ തടഞ്ഞതിലും പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകരും കാട്ടാക്കടയിൽ പ്രകടനം നടത്തി.പ്രകടനം സമാധാനപരമായിരുന്നു.മണ്ഡലം പ്രസിഡന്റ് ദീപക് വിളപ്പിൽ,സംസ്ഥാന സമിതിയംഗം എരുത്താവൂർ ചന്ദ്രൻ,ജില്ലാ സമിതിയംഗം സി.എസ്.അനിൽ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി.പി.എസ്.മായ തുടങ്ങിയവർ നേതൃത്വം നൽകി.അനുമതിയില്ലാതെ പട്ടണത്തിൽ പ്രകടനം നടത്തിയതിന് ബി.ജെ.പി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |