
കൊച്ചി: കൊച്ചിയിലെ പ്രമുഖ മാൾ ഉടമകളെ വ്യാജ ഇ-മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയൻ കമ്പനിയുടെ പേരിലായിരുന്നു ആൾമാറാട്ടം. സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാളുമായി ദീർഘകാല വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ഐ.ഇ പാർക്ക് എസ്.ആർ.എൽ എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. സെപ്തംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലായിരുന്നു ഇടപാടുകൾ. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിലെ തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.
കുടിശിക സംബന്ധിച്ച് കഴിഞ്ഞ മാസം ലഭിച്ച ഇ-മെയിലിന് പിന്നാലെയായിരുന്നു തട്ടിപ്പ്. യഥാർത്ഥ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന മെയിൽ ഐഡിയിൽ നിന്ന് ഇൻവോയ്സും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചുനൽകി. ഇത് വിശ്വസിച്ച് 1,50,500 യൂറോ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് യഥാർത്ഥ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഇരു കമ്പനികളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |