തിരുവനന്തപുരം: അമ്മയോടുള്ള വിരോധം തീർക്കാൻ മകൻ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങളും പ്രധാന രേഖകളും അടിച്ചുതകർത്ത് തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരം വർക്കല ചെറുന്നിയൂരിലാണ് സംഭവം. ചെറുന്നിയൂർ സ്വദേശിയായ സിന്ധുവാണ് മകൻ മഹേഷിനെതിരെ വർക്കല പൊലീസിൽ പരാതി നൽകിയത്.
ഗൾഫിലായിരുന്ന മഹേഷ് ഏകദേശം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആദ്യ ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ, അടുത്തിടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന ഒരു യുവതിയുമായി സ്വന്തം വീട്ടിലെത്തുകയും യുവതിയെ ഇവിടെ താമസിപ്പിക്കണമെന്ന് അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സിന്ധു ഇതിനെ ശക്തമായി എതിർത്തു. ഇതിനിടെ മഹേഷിന്റെ ആദ്യ ഭാര്യ നൽകിയ പരാതിക്ക് പിന്നിൽ അമ്മയാണെന്ന് മകൻ തെറ്റിദ്ധരിച്ചു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ സിന്ധു വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മഹേഷ് അതിക്രമം നടത്തിയത്. വീടിന്റെ മതിൽ ചാടിക്കടന്നെത്തിയ പ്രതി അകത്തുകയറി ഗൃഹോപകരണങ്ങളെല്ലാം അടിച്ചുതകർത്തു. തുടർന്ന് അലമാരയിലുണ്ടായിരുന്ന വീടിന്റെ ആധാരം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള നിർണായക രേഖകൾ പുറത്തെടുത്ത് കത്തിച്ചുകളയുകയായിരുന്നു.
കഴിഞ്ഞ മാസം ശബരിമല യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സിന്ധുവിനെ മഹേഷ് രാത്രിയിൽ വീട്ടിലെത്തി മർദിച്ചിരുന്നതായും പരാതിയിലുണ്ട്. അക്രമം നടന്ന സമയത്ത് മഹേഷിനൊപ്പം രണ്ടാം ഭാര്യയെന്ന് പറയുന്ന യുവതി പുറത്തുണ്ടായിരുന്നുവെന്ന് സിന്ധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ മഹേഷിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ വർക്കല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A man in Varkala, Thiruvananthapuram, allegedly broke into his mother's house, vandalized household appliances, and burned critical documents, including the property deed and school certificates.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |