SignIn
Kerala Kaumudi Online
Sunday, 07 June 2026 2.33 AM IST

അർജുൻ ബ്ലാസ്റ്റ് ( എക്സ്ക്യുൾസീവ്)​

s

ഒരു ലോഡ് ഇടികൾ നിറഞ്ഞ ഫൺ ഫാമിലി ആക്‌ഷൻ എന്റർടെയ്നർ ബ്ളാസ്റ്റ് സർപ്രൈസ് ബ്ളോക് ബസ്റ്ററായി 50 കോടി ക്ളബിൽ ഇടംപിടിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിൽ നടൻ അർജുൻ സർജ. ആദ്യമായാണ് അർജുൻ ചിത്രം 50 കോടി ക്ളബിൽ. 'ആക്ഷൻ കിംഗി"ന്റെ ഇടിക്കൊപ്പം ഇടിപ്പൂരം തീർക്കുന്നു അഭിരാമിയും പ്രീതി മുകുന്ദനും. നവാഗതനായ സുബാഷ് കെ. രാജ് സംവിധാനം ചെയ്ത 'ബ്ളാസ്റ്റ് " കേരളത്തിലും ബ്ളാസ്റ്റ് തന്നെ. അഞ്ചു ഭാഷകളിൽ അഭിനേതാവായി തിളങ്ങുന്ന അർജുൻ. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഗായകൻ എന്നീ വിലാസത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. പുതിയ വിശേഷങ്ങളുമായി അർജുൻ സർജ ചേരുന്നു.

ബ്ളാസ്റ്റിൽ അവതരിപ്പിച്ച കരാട്ടെ മാസ്റ്റർ രാജരാമൻ' എന്ന കഥാപാത്രത്തിൽ അർജുൻ സർജ എന്ന വ്യക്തിയെ കാണാനാകുമോ?

അടിസ്ഥാനപരമായി ഞാൻ മാർഷൽ ആർട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ സിനിമയിലെ സ്കില്ലുകൾ കാണിക്കേണ്ടി വരുമ്പോൾ അത് സ്വാഭാവികമായി വരും. എന്റെ വ്യക്തിത്വവുമായി ആ കഥാപാത്രത്തിന് കുറെ സാമ്യങ്ങളുണ്ട്. അതുപോലെ തന്നെ, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമ്മൾ അത് കേൾക്കണം. ആ വ്യക്തിയോട് റിലേറ്റ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് വേറെ കാര്യം. പക്ഷേ നമ്മൾ ഒന്ന് കേൾക്കണം, സംസാരിക്കണം. അതിനാൽ ആ കഥാപാത്രം എന്നോട് വളരെ ചേർന്നു നിൽക്കുന്നുണ്ട്.

തമിഴിൽ ആക്ഷൻ സിനിമകളുടെ തിരിച്ചുവരവാണോ ?

പ്രേക്ഷകർ എപ്പോഴും കോമഡി, ഹൊറർ, ഡ്രാമ എന്നതുപോലെ എല്ലാ തരം സിനിമകളും കാണുന്നവരാണ്. ഒരു സിനിമയുടെ അവതരണം മികച്ചതാണെങ്കിൽ പ്രേക്ഷകർ നൂറ് ശതമാനം ആ സിനിമയെ പിന്തുണയ്ക്കും. ബ്ളാസ്റ്റിന്റെ ആക്ഷൻ പ്രസന്റേഷൻ വളരെ നല്ലതായിരുന്നു. അതുകൊണ്ടുതന്നെയാണ് ആളുകൾ അത് ഇഷ്ടപ്പെട്ടതെന്ന് കരുതുന്നു. അതിനാൽ എല്ലാ ഭാഷകളിലും പ്രേക്ഷകർ ഈ സിനിമയെ സ്നേഹിക്കുന്നു.

'മുതൽവൻ', 'ജെന്റിൽമാൻ' എന്നീ സിനിമകളിൽ കണ്ട അതേ അർജുനെ ഇപ്പോഴും സ്ക്രീനിൽ കാണാൻ കഴിയുന്നു എന്ന് പ്രേക്ഷകർ പറയുമ്പോൾ ഇതിന് പിന്നിലെ രഹസ്യം എന്ത് ?

'ജെന്റിൽമാൻ' പുറത്തിറങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്റെ രൂപത്തിൽ വലിയ മാറ്റമൊന്നും ഇല്ലാത്തത് ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ്. എന്നാൽ വ്യായാമം, കൃത്യമായ ആഹാരരീതി, പോസിറ്റീവായ ചിന്താഗതി എന്നിവയെല്ലാം ഒരാളുടെ രൂപത്തെ സ്വാധീനിക്കുന്നുണ്ട്. സത്യത്തിൽ ഞാൻ എങ്ങനെ ഇത്രയും വർഷം ഒരേപോലെ തുടരുന്നു എന്നത് എനിക്കുതന്നെ അത്ഭുതമാണ്. പക്ഷേ അതിന്റെ പ്രധാന കാരണം എന്റെ സ്ഥിരതയാണ്. വർഷങ്ങളായി മുടങ്ങാതെ വ്യായാമം ചെയ്യുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു. ആ സ്ഥിരത തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. 16 വയസു മുതൽ മാർഷൽ ആർട്ടിസ്റ്റാണ്. ആ പരിശീലനം എനിക്ക് ശക്തമായ അടിത്തറ നൽകി. ഇന്നും ആരോഗ്യവും ഫിറ്റ്നസും നിലനിറുത്താൻ അത് സഹായിച്ചിട്ടുണ്ട്.

സിനിമയിൽ 45 വർഷം. 'ആക്ഷൻ കിംഗ്' എന്ന ലേബൽ നിലനിറുത്താൻ എന്താണ് ചെയ്യുന്നത്?

അത് ഇപ്പോൾ ഒരു ഭയമാണ്. ഫാൻസ് എന്റെ ആക്ഷനും അച്ചടക്കവും സിനിമയിലെ പ്രകടനവും കൊണ്ടാണ് ഇഷ്ടപ്പെടുന്നത്. ആളുകൾ ഒരു സിനിമ കാണാൻ ഇത്രയും പണം ചെലവഴിച്ച് തിയേറ്ററിലെത്തുമ്പോൾ, അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ കാണപ്പെടണം എന്നൊരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് ഇത്രയും നാൾ ഭയത്തോടെയും സ്ഥിരതയോടെയും ചിട്ടയോട് കൂടിയുള്ള ജീവിതവുമായി മുന്നോട്ട് പോകുന്നത്. ആളുകൾക്ക് ഇഷ്ടപ്പെട്ടതിനാലാണ് 'ആക്ഷൻ കിംഗ്' എന്ന പേര് ഇപ്പോഴും നിലനിൽക്കുന്നത്. 'ജെന്റിൽമാൻ' സമയത്തുണ്ടായിരുന്ന അതേ ഊർജം ഇപ്പോഴും കഥാപാത്രങ്ങൾക്ക് നൽകണം എന്നാണ് ആഗ്രഹം. ഇത്രയും വർഷം ഒരേ രീതിയിൽ തുടരാനും 'ആക്ഷൻ കിംഗ്' എന്ന പേര് നിലനിറുത്താനും ഭാഗ്യം വേണം. പക്ഷേ ഭാഗ്യം മാത്രം മതിയാകില്ല. നിങ്ങളുടെ മുന്നിൽ ലക്ഷ്യം ഉണ്ടാകണം, ദൈവം വഴി കാണിച്ചുതരും. പക്ഷേ ആ ലക്ഷ്യത്തിലെത്തണമെങ്കിൽ നിങ്ങൾ നടക്കണം. ചിലർ പാതിവഴി നടക്കും, പിന്നെ മടിയന്മാരാകും. ഒരു കുതിരയെ വെള്ളത്തിനരികിലേക്ക് കൊണ്ടുപോകാം. ദൈവം വെള്ളം കാണിച്ചുതരും. പക്ഷേ ആ വെള്ളം കുടിക്കണോ വേണ്ടയോ എന്നത് കുതിരയുടെ തീരുമാനമാണ്. കുടിക്കേണ്ടത് കുതിര തന്നെയാണ്.

കൂടുതൽ പൊലീസ് വേഷങ്ങൾ അവതരിപ്പിച്ചു. അത്തരം കഥാപാത്രങ്ങളോട് പ്രത്യേക താത്പര്യമാണോ ?

ജീവിതത്തിൽ പൊലീസ് ഓഫീസർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനും പൊലീസ് ഓഫീസർ ആകാൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹത്തിന് അത് സാധിച്ചില്ല. ഒരു 'സൂപ്പർ കോപ്പ്' ആകണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ വിധി സിനിമാ ലോകത്തേക്ക് എത്തിച്ചു. സിനിമയിലൂടെ ആ ആഗ്രഹം നിറവേറ്റാൻ സാധിക്കുന്നു. സിനിമാ മേഖലയിൽ എത്തിയ സമയത്ത് തന്നെ പലരും പറഞ്ഞിരുന്നു, ഒരു പൊലീസ് ഓഫീസറാകാൻ എല്ലാ ഗുണങ്ങളുമുണ്ടെന്ന്. പൊലീസ് ഓഫീസറാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാകാം, എന്റെ മുഖത്തും പ്രകടനത്തിലും അത് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെയാകാം പ്രേക്ഷകർ എന്റെ പൊലീസ് കഥാപാത്രങ്ങൾ ഇഷ്ടപ്പെടുന്നത്.

ബ്ലാസ്റ്റിന് മുമ്പ് അഭിനയിച്ച സിനിമകളിൽ സ്റ്റൈലും സ്വാഗും കണ്ടില്ല ?

ഒരു സിനിമയിൽ വില്ലൻ വേഷം ചെയ്യുമ്പോൾ നായക കഥാപാത്രത്തിന് ലഭിക്കുന്ന ബിൽഡപ്പും സ്വാഗും പ്രകടിപ്പിക്കാൻ അവസരം കുറവായിരിക്കും. നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സ്ക്രീനിൽ തിളങ്ങാൻ അവസരം കൂടുതൽ ലഭിക്കും. അതുകൊണ്ടായിരിക്കാം ചിലർക്ക് പഴയ ആ സ്റ്റൈലും സ്വാഗും കാണാനായില്ലെന്ന് തോന്നിയത്. എന്നാൽ ഒരു കാര്യം ഓർക്കണം. 'ഇരുമ്പ് തിറൈ', 'കടൽ', 'ലിയോ' എന്നീ സിനിമകളിലൂടെ പുരസ്കാരം ലഭിച്ചു. ആ സിനിമകളിലൊന്നിലും നായകനല്ല . കൂടുതലും വില്ലൻ അല്ലെങ്കിൽ കഥാപാത്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച വേഷങ്ങളായിരുന്നു. 'വിടാമുയർച്ചി'യിലെ വില്ലൻ കഥാപാത്രത്തിനും മികച്ച പ്രതികരണം ലഭിച്ചു. ചിലർക്ക് എന്റെ നെഗറ്റീവ് വേഷങ്ങൾ വളരെ ഇഷ്ടമാണ്. എന്നാൽ എന്നെ വില്ലനായി കാണാൻ ഇഷ്ടമല്ലെന്ന് ചിലർ തുറന്നുപറയും. അത്തരം അഭിപ്രായങ്ങളും കേൾക്കാറുണ്ട്. ഇനി കുറച്ചുകാലത്തേക്ക് പോസിറ്റീവ് കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് ആഗ്രഹം. എന്നാലും നല്ല കഥാപാത്രമെങ്കിൽ ഏത് തരം വേഷവും പരിഗണിക്കും.

തമിഴ് സിനിമയിൽ അശ്വത് മാരിമുത്തു, പ്രദീപ് രംഗനാഥൻ, സുഭാഷ് കെ. രാജ് തുടങ്ങി യുവ സംവിധായകരുടെ വരവ് വലിയ ചലനം സൃഷ്ടിക്കുന്പോൾ സംവിധായകൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?

പുതിയ തലമുറ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് സന്തോഷം നൽകുന്ന കാര്യം. ഓരോ തലമുറയും തിരക്കഥകളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയും വ്യത്യസ്തമായിരിക്കും. പുതിയ തലമുറ സംവിധായകരോടൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും നല്ല അനുഭവമാണ്. അവർ പുതിയ ആശയങ്ങളും പുതിയ കാഴ്ചപ്പാടുകളും കൊണ്ടുവരും. നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഞാൻ എപ്പോഴും എന്നെത്തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് വിശ്വസിക്കുന്നയാളാണ്. അതുകൊണ്ട് പുതിയ തലമുറയോടൊപ്പം പ്രവർത്തിക്കാനും അവരുടെ രീതികൾ മനസിലാക്കാനുമാണ് കൂടുതൽ താത്പര്യം.

വിരുന്നിന് ശേഷം മലയാളത്തിൽ അഭിനയിച്ചില്ല ?

മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. മലയാളം മനസിലാകും. പക്ഷേ നന്നായി സംസാരിക്കാൻ അറിയില്ല. ആക്ഷൻ മാത്രമല്ല, വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിൽ വരുന്നു. മലയാള സിനിമയിൽ കഥ പറയുന്ന രീതി വളരെ മികച്ചതാണ്. തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. ബ്ലാസ്റ്റിനുശേഷം എത്തുന്ന സിനിമ പ്രത്യേകത നിറഞ്ഞതാകണം എന്നാണ് ആഗ്രഹം. കഥകൾ കേൾക്കുന്നുണ്ട്. എന്നാൽ അടുത്ത പ്രോജക്ട് തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തുന്നു. . ഹിന്ദിയിലും സംവിധാനം ചെയ്യാൻ സമീപിക്കുന്നുണ്ട്. ചർച്ചകൾ നടക്കുന്നു. ഏതാനും ആഴ്ചകൾക്കകം തീരുമാനമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA