SignIn
Kerala Kaumudi Online
Sunday, 16 August 2026 3.53 AM IST

ഈ 'ഡിസി' മലയാളി

pranav-teophine

ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച 'ഡിസി" വൻ തരംഗം തീർക്കുന്നതിന്റെ അവേശത്തിൽ ആണ് പ്രണവ് ടിയോഫിൻ. ആദ്യാവസാനം ലോകേഷിന്റെ ദാസിനൊപ്പം നിറഞ്ഞുനിന്ന സെബാസ്റ്റ്യനായി പ്രണവ് ജീവിച്ചു. ഡിസിയുടെ താരനിരയിൽ ഏക മലയാളി സാന്നിദ്ധ്യമായി പ്രണവ് മാറുമ്പോൾ തിളക്കം ഏറുന്നു. 'നരിവേട്ട"യിൽ താമി എന്ന ആദിവാസി യുവാവായി പ്രണവ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയതാണ്. 'താമി" സമ്മാനിച്ചതാണ് ഡിസിയിലെ 'ചോരക്കളിക്കാരനെ." ജെൻ സീകളുടെ പ്രിയ സംവിധായകൻ ലോകേഷ് കനയകരാജ് നായക വേഷം അവതരിപ്പിച്ച ആദ്യ ചിത്രത്തിന്റെ ഭാഗമായ വിശേഷങ്ങൾ പ്രണവ് പങ്കിടുന്നു.

ലോകേഷ് യൂണിവേഴ്സ്

യാദൃച്ഛികമായി ലോകേഷ് യൂണിവേഴ്സിൽ എത്തി. മാസ്റ്ററിൽ ആണ് ആദ്യമായി ലോകേഷ് സാറിന്റെ സിനിമയുടെ ഭാഗമാവുന്നത്. അതിനുശേഷം വിക്രം . ഇപ്പോൾ ഡിസി ' . കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചു. ആ സമയത്ത് മുപ്പതിലധികം ഹാസ്യചിത്രങ്ങളുടെ ഭാഗമായി. അതിൽ ഒപ്പം പ്രവർത്തിച്ച സന്തോഷ് ഇപ്പോൾ ലോകേഷ് കനകരാജിന്റെ ചീഫ് അസോസിയേറ്റ് ആണ് . ആ ബന്ധം ആണ് ആദ്യ സിനിമയായ 'മാസ്‌റ്ററിൽ" എത്തിക്കുന്നത്.

അവിടെ നിന്ന് തുടങ്ങി ലോകേഷ് സാറുമായി ഗുരു-ശിഷ്യ ബന്ധം.ഡിസി കണ്ടവർ വീണ്ടും കാണുന്നു. വലിയ വിജയം നേടുന്നതിൽ സന്തോഷമുണ്ട്. ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അതു വിജയം നേടണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, എല്ലാം തീരുമാനിക്കുന്നത് പ്രേക്ഷകരായിരിക്കും . ഒരു കഥാപാത്രം ലഭിക്കുമ്പോൾ അതു എത്രമാത്രം ഭംഗിയാക്കാൻ കഴിയുമെന്ന് ആലോചിക്കാറുണ്ട്. ഒരുപാട് വർഷമായി സംവിധായകൻ അരുൺ മാതേശ്വരനെ പരിചയമുണ്ട്. നരിവേട്ട കണ്ടശേഷം ആണ് അരുൺ മാതേശ്വരൻ സാർ ഡിസിയിലേക്ക് വിളിക്കുന്നത്. നല്ല സിനിമയെയും മികച്ച സംവിധായകരെയും ഫോളോ ചെയ്യാറുണ്ട്.

ചെന്ന് കേറിയ ലൊക്കേഷൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ളബ് ആണ് ആദ്യമായി കാണുന്ന സിനിമ ലൊക്കേഷൻ, മലർവാടിയിലും, പോക്കിരി രാജയിലും ജൂനിയർ ആർട്ടിസ്റ്റായി. ഇനി ജൂനിയർ ആർട്ടിസ്റ്റാകാൻ ഇല്ലെന്ന തീരുമാനം പോക്കിരി രാജയുടെ ലൊക്കേഷനിൽ എടുത്തു. ഒരു അഭിനേതാവായി അടയാളപ്പെടുത്താൻ എന്താണ് വേണ്ടതെന്ന തീരുമാനം വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനത്തിൽ എത്തിച്ചു.

താമി തന്ന സന്തോഷം

സിനിമ സ്വപ്നം കണ്ടുനടന്ന ആളിന് ലഭിച്ച ഭാഗ്യം ആണ് നരിവേട്ടയിലെ താമി. കഥയും കഥാപാത്രവും അറിഞ്ഞു. ജോഗിയുടെ മാനസികാവസ്ഥ, ആർക്കു വേണ്ടി കഷ്ടപ്പെട്ടു എന്നിവയെല്ലാം ചിന്തിച്ചു. നരിവേട്ടയുടെ ഭാഗമായ എല്ലാവരും താമിയിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിച്ചു. താമിയെപ്പോലെ സെബാസ്റ്റ്യനെപ്പറ്റിയും അന്വേഷിച്ചു. സഹോദര ബന്ധം കൂടി ലോകേഷുമായുണ്ട്. ദാസും സെബാസ്റ്റ്യനും തമ്മിൽ അതായിരുന്നല്ലോ. ദൈവം സഹായിച്ച് സെബാസ്റ്റ്യൻ നന്നായി വന്നുചേർന്നു. നരിവേട്ട ശ്രദ്ധേയ വിജയം നേടിയപ്പോൾ ഞാൻ മലയാളി എന്ന് കുറച്ചുപേർ അറിഞ്ഞു . കുറച്ചുപേർ അറിഞ്ഞതേയില്ല. നരിവേട്ട കഴിഞ്ഞ് നല്ല സിനിമകൾ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിളി വന്നില്ല.ഡിസി വലിയ വിജയം നേടിയതിനൊപ്പം ഞാൻ മലയാളി ആണെന്ന് കൂടി കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിച്ചിട്ടുണ്ട്. കൊച്ചിയിൽ ജനിച്ച് പാലക്കാട് ജീവിക്കുന്നു . പ്രേക്ഷകർ മറക്കാതെ കഥാപാത്രത്തെ ഇനിയും അവതരിപ്പിക്കാനാണ് ആഗ്രഹം. വേഗത്തിൽ ഇനിയും ഓടാൻ കഴിയട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DC, TAMIL MOVIE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA