
തമിഴ് സിനിമയുടെ ക്രീസിൽ പുതിയ കുപ്പായത്തിൽ വിശാൽ. അഭിനയ ജീവിതത്തിൽ 35-ാം ചിത്രമായ 'മകുടം" തിയേറ്ററിൽ. ഇക്കുറി ക്യാമറയുടെ മുന്നിൽ മാത്രമല്ല, പിന്നിലും എത്തുന്നു. വിശാൽ നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ എന്ന നിലയിൽ തമിഴകം മാത്രമല്ല, മലയാള പ്രേക്ഷകരും ഉറ്റുനോക്കുന്നു. മലയാളത്തിന് ഏറെ പരിചിതനാണ് വിശാൽ. സിനിമയിലെ പുതിയ യാത്രയെക്കുറിച്ച് വിശാൽ സംസാരിക്കുന്നു.
ആദ്യ സംവിധാന സംരംഭത്തിൽ എന്ത് പ്രത്യേകത ആണ് പ്രേക്ഷകർക്ക് ഒരുക്കുന്നത് ?
നായകനായി മൂന്ന് ഗെറ്റപ്പിൽ എത്തുന്നുണ്ട്. മൂന്നുപേരുടെയും ശരീര ഭാഷ നന്നായി വന്നിട്ടുണ്ടെന്ന് കരുതുന്നു. ഒരാൾ മെഡിക്കൽ റെപ്രസെന്റീറ്റീവായ ഇടത്തരം കുടുംബനാഥൻ. മറ്റൊരാൾ ഗ്യാങ്സ്റ്റർ. മൂന്നാമൻ കടുത്ത ഇളയരാജ ആരാധകൻ. മൂന്നു കഥാപാത്രങ്ങളും വെല്ലുവിളിയായിരുന്നു. നായകനായി ക്യാമറയുടെ മുന്നിൽ നിൽക്കുന്നതിനൊപ്പം ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കുന്നത് വലിയ ടാസ്ക് തന്നെയാണ്. രണ്ടു ജോലിയും ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.
അപ്രതീക്ഷതമായി സംഭവിച്ചതാണോ സംവിധാനം ?
സിനിമ സ്വപ്നം കണ്ട ആളല്ല. പൈലറ്റ് ആകാനാണ് ആഗ്രഹിച്ചത്. രാം ഗോപാൽ വർമ്മ യുടെ "ശിവ" കണ്ടതോടെ സംവിധായകൻ ആകണം എന്ന ആഗ്രഹം തോന്നി. സംവിധാന കലയിൽ മതിപ്പും ബഹുമാനവും തോന്നിപ്പിച്ചതാണ് കാരണം. അർജുൻ സാറിന്റെ (അർജുൻ സർജ) അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചു . ആ സമയത്ത് വിജയ് സാറിന് ( തമിഴ് നടൻ മുഖ്യമന്ത്രി) വേണ്ടി കുരെ കഥകൾ എഴുതി . എന്നാൽ അപ്രതീക്ഷിതമായി അഭിനയിക്കാൻ അവസരം ലഭിച്ചു.
ആദ്യമായി അഭിനയിച്ച "ചെല്ലമേ" റിലീസായിട്ട് ഇരുപത്തി രണ്ടു വർഷം ആയി. എന്നാൽ സിനിമയിൽ മുപ്പത്തിയഞ്ചു വർഷത്തെ അനുഭവമുണ്ട്.സിനിമയിൽ അഭിനയിക്കുമ്പോഴും സംവിധാകനാവണം എന്ന സ്വപ്നം സൂക്ഷിച്ചു. അത് 'മകുടം' സഫലമാക്കി തന്നു.ഞാൻ അഭിനയിച്ച സിനിമകളുടെ സംവിധായകർ എല്ലാവരും തന്നെ ഒാരോ കാര്യങ്ങൾ പഠിപ്പിച്ചു തന്നു. എന്നിലെ സഹസംവിധായകന് എന്തെങ്കിലും അവരിൽ നിന്ന് പഠിക്കാനുണ്ടാകുമായിരുന്നു. അത് എല്ലാം മകുടത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടാകും.
15 വർഷം പിന്നിടുമ്പോഴും അവൻ ഇവൻ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കാൻ എന്തായിരിക്കും കാരണം ?
ബാല സാറിന്റെ സംവിധാന മികവ് തന്നെയാണ് പ്രധാന കാരണം. ആ സിനിമയിൽ എല്ലാ കഥാപാത്രങ്ങളുടെയും മാനറിസങ്ങൾ യഥാർത്ഥമെന്ന് പ്രേക്ഷകർക്ക് തോന്നി. ചിത്രീകരണത്തിനിടെ നടീനടന്മാരുടെ റിയാക്ഷൻ അവരറിയാതെ ഷൂട്ട് ചെയ്യാൻ ബാല സാർ പറയുമായിരുന്നു. ഞങ്ങൾ ആരും അറിയാതെ സംഭവിക്കുന്നതാണ് ആ മാജിക് . ആ ടെക്നിക് മകുട ത്തിൽ ഉപയോഗിച്ചു. എഡിറ്റിംഗിനെക്കുറിച്ച് സംവിധായകൻ സുന്ദർ. സി യിൽ നിന്ന് പഠിച്ചു. സമൂഹത്തിൽ നമുക്കറിയാത്ത പല വിഷയങ്ങളുണ്ട്. ഞാൻ അഭിനയിച്ച " ഇരുമ്പ് തിരൈ" ക്കുശേഷമാണ് ഫേസ്ബുക്ക്, ആൻഡ്രോയിഡ് എന്നിവയെക്കുറിച്ച് കൂടുതൽ പ്രസക്തിയേറുന്നത് . അത്തരത്തിൽ ഗൗരവം നിറഞ്ഞ പ്രമേയം മകുടം സംസാരിക്കുന്നുണ്ട്.
വിവാഹ നിശ്ചയം നടന്നിട്ട് ഒരുവർഷം ആകുന്നു. ധൻസിക ഇനിയും കാത്തിരിക്കേണ്ടി വരുമോ ?
എനിക്കും കാത്തിരിക്കാനാവില്ല( ചിരി)അടുത്ത് തന്നെ നടികർ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം ഉണ്ടാവും.എന്റെ പത്തു വർഷത്തെ സ്വപ്നം അതോടെ സാഷാത്കരിക്കപ്പെടും .നടികർ സംഘം കെട്ടിടത്തിൽ വച്ചായിരിക്കും വിവാഹം എന്ന് പത്തു വർഷം മുൻപ് തീരുമാനംഎടുത്തതാണ് . വിവാഹത്തിന് ധന്നിനെ ( നടി സായ് ധൻസിക)ഞാൻ ഒരുപാട് കാത്തിരിപ്പിച്ചു.ജീവിതത്തിലെ എല്ലാ സാഹചര്യത്തിലും ധൻ ഒപ്പം ഉണ്ടായിരുന്നു. അല്ലായിരുന്നെങ്കിൽ ലക്ഷ്യത്തിൽ എത്താൻ കഴിയില്ല. സംവിധായകന്റെ ജോലിയുമായി ഒരു വർഷം ഓടി കൊണ്ടിരിക്കുകയായിരുന്നു.
ഞങ്ങളുടെ ദേവി ചാരിറ്റി ട്രസ്റ്റ് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അതും മുടങ്ങാതെ ചെയ്യേണ്ട ഉത്തരവാദിത്തം ആണ്. ഇതിനിടെ ആ കാര്യങ്ങളും ചെയ്തു. സംവിധായകനായതിൽ ആദ്യം നന്ദി പറയേണ്ടത് ധൻസികയോടാണ് . നല്ല മാതാപിതാക്കളെയും ആത്മാർത്ഥ കൂട്ടുകാരെയും സ്നേഹസമ്പന്നരായ ആരാധകരെയും ലഭിക്കുന്നത് ചെറിയ കാര്യമല്ല. അതെല്ലാം എനിക്കുണ്ട്. ധൻ ജീവിതത്തിലേക്ക് എത്തിയത് തന്നെ അത്ഭുതം. ദൈവത്തിന് നന്ദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |