ഇരുപത് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി. ദമ്പതികളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മക്കളായ ദിയയും ദേവും പങ്കെടുത്തു. ആഘോഷത്തിന്റെ മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. സ്കോട്ട്‌ലെൻഡിലെ ഒരു കൊട്ടാരത്തിൽ വച്ചാണ് ആഘോഷങ്ങൾ നടന്നിരിക്കുന്നത്.
'ദി സീക്വൽ ഞങ്ങളുടെ ഇരുപത് വർഷത്തെ പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും ഓർമ്മ പുതുക്കൽ' എന്നാണ് ഈ ചടങ്ങിനെക്കുറിച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്. ഇതൊരു പെർഫക്ടമായ ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളുടെയും ഒത്തുതീർപ്പുകളുടെയും പരസ്പര ധാരണയുടെയും നിസ്വാർത്ഥ സ്‌നേഹത്തിന്റെയും ആഘോഷമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ജ്യോതികയുടെ വാക്കുകൾ
'സ്വപ്നം എന്ന് കരുതിയ പലതും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. എന്റെ സൂര്യയോടൊപ്പം വഴക്കിട്ടും, പിന്നീട് പൊരുത്തപ്പെട്ടും, കൂടുതൽ അടുപ്പം നേടിയും അപൂർണ്ണയായ ഭാര്യയായി ഞാൻ എപ്പോഴും തുടരും. സുഹൃത്ത്, ആത്മമിത്രം, പങ്കാളി എന്നിങ്ങനെ എല്ലാമെല്ലാമായി ഒപ്പം നിൽക്കുന്ന ഈ മനുഷ്യനൊപ്പമുള്ള അടുത്ത ഇരുപത് വർഷത്തെ മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു.' ജ്യോതിക കുറിച്ചു.
ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടില്ലെന്നും, തന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പങ്കാളിയെയും ജീവിതത്തിന് അർത്ഥം നൽകിയ മക്കളെയും ലഭിച്ചതിൽ എപ്പോഴും നന്ദിയുള്ളവളാണെന്നും ജ്യോതിക പങ്കുവച്ച കുറിപ്പിൽ പറയുന്നു. 2006 സെപ്തംബറിലായിരുന്നു മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. നീണ്ട രണ്ട് പതിറ്റാണ്ടുകളുടെ ദാമ്പത്യ ജീവിതത്തിന് ശേഷം മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്.
Popular South Indian celebrity couple Suriya and Jyotika have renewed their wedding vows at a castle in Scotland, celebrating 20 years of marriage. Their children, Diya and Dev, actively participated in the intimate ceremony, and the couple shared pictures and videos from the event on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |