
വസന്തം വെറുമൊരു കാലം മാത്രമല്ല, ശ്രീലാൽ നാരായണന്. ശ്രീലാൽ സ്വപ്നം കണ്ട സിനിമാവസന്തം ഒക്ടോബർ 30ന് വന്നെത്തും. ആദിൽ ഇബ്രാഹിം നായകനായും ആരാധ്യ ആൻ നായികയായും അഭിനയിച്ച് ശ്രീലാൽ നാരായണൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയുടെ പേര് സ്‌പ്രിംഗ്. എൺപതു ശതമാനത്തോളം ശാരീരിക വെല്ലുവിളി നേരിടുന്ന ശ്രീലാൽ സിനിമയെ ചേർത്തുപിടിക്കാൻ തുടങ്ങിയ കഥയോടൊപ്പം ദൈവത്തിന്റെ കരങ്ങൾ കൂടെ ഉണ്ടായിരുന്നു. പതിനഞ്ചുവർഷം പരസ്യചിത്ര മേഖലയിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ശ്രീലാലിന്റെ വരവ്. തളർന്നുപോകാതെ വേരുറപ്പിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പൂവിടുന്ന പ്രകൃതിയുടെ അതേ കരുത്തോടെ ജീവിതത്തിൽ മുന്നേറുന്ന ശ്രീലാൽ ബിഗ് സ്‌ക്രീനിൽ തന്റെ ടൈറ്റിൽ കാർഡ് തെളിയാൻ പോകുന്നതിന്റെ ആഹ്ളാദത്തിൽ സംസാരിച്ചു.
എഴുതി വന്നപ്പോൾ
റൊമാന്റിക് ത്രില്ലർ ആണ് സ്‌പ്രിംഗ്. പുതിയ കാലത്തെ പ്രണയത്തിന് പല തലങ്ങളുണ്ട്. ഇങ്ങനെയും പ്രണയത്തിന് പല വശങ്ങളുണ്ടെന്ന് അറിയിക്കുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട്. എന്റെ തിരക്കഥ ആവശ്യപ്പെടുന്ന താരങ്ങൾ തന്നെയായിരുന്നു ആദിലും ആനും. വലിയ താരങ്ങളിലേക്ക് പോകുമ്പോൾ അതിനു വേണ്ട നിർമ്മാതാവിനെ കണ്ടെത്തേണ്ടതുണ്ട്. ബാദുഷ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ മഞ്ജു ബാദുഷ ആണ് നിർമ്മാണം. ഞാൻ നിർമ്മാണ പങ്കാളിയാണ്. 2019ൽ ശ്രീനാഥ് ഭാസി നായകനായി മറ്റൊരു സിനിമയാണ് ആദ്യം ചെയ്യാൻ നിശ്ചയിച്ചിരുന്നത്.
കഥ ഇഷ്ടപ്പെട്ട ഭാസി കൂടെ നിന്നു. എന്നാൽ ഞാൻ എന്ന പുതുമുഖ സംവിധായകന് ആ സിനിമയുടെ ബഡ്ജറ്റ് വലുതായി തോന്നി. നിർമ്മാതാക്കൾക്ക് അതിന്റെ പകുതി മുടക്കാനേ തരം ഉണ്ടായിരുന്നുള്ളൂ. അവർക്ക് എന്നിൽ വിശ്വാസക്കുറവ് ഉണ്ടായിരിക്കാം. ആ പ്രോജക്ട് മാറ്റിവച്ചാണ് സ്‌പ്രിംഗിൽ എത്തുന്നത്. സിനിമ ചെയ്യാൻ കഴിയുമെന്ന് എന്റെ ഒപ്പം ഉള്ളവരെയും അല്ലാത്തവരെയും ബോദ്ധ്യപ്പെടുത്തേണ്ടതിനാൽ വലിയ താരനിരയില്ലാതെ മികച്ച നിലവാരത്തിൽ ചെറിയ സിനിമ എടുക്കണമെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ പല കാരണങ്ങളാൽ നടന്നില്ല. ആ സമയത്ത് ഒരു ഷെഡ്യൂൾ റീവർക്ക് ചെയ്യാൻ സാധിച്ചു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ. ഇതായിരിക്കും എന്റെ സമയം എന്നു ചിന്തിക്കുന്നു. സിനോജ് പി. അയ്യപ്പനാണ് ക്യാമറ. സംഗീതം അലോഷ്യ പീറ്റർ, എഡിറ്റർ ജിത്തു ജോഷി ഉൾപ്പെടെ നല്ല ക്രൂ ലഭിച്ചു.
നിറം പകർന്നപ്പോൾ
ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവന്നതിൽ പരസ്യചിത്രങ്ങൾ വലിയ പങ്കുവഹിച്ചു. കോർപ്പറേറ്റ് കമ്പനികളുടെ ഉൾപ്പെടെ മുന്നൂറിലധികം ബ്രാന്റുകൾക്ക് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു. പറവൂർ ചിറ്റാറ്റിൻകരയാണ് നാട്. അകാലത്തിൽ വിടപറഞ്ഞ നടൻ സലിംകുമാർ നാട്ടുകാരനാണ്. സലിമേട്ടനുമായുള്ള ബന്ധം സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹത്തിന് കൂടുതൽ പ്രചോദനം പകർന്നു. കോളേജ് പഠനകാലത്ത് നാടകം സംവിധാനം ചെയ്യാൻ പ്രൊഫ. അരുണൻ മാഷ് പ്രോത്സാഹനം തന്നിട്ടുണ്ട്. എം.ബി.എ ആണ് പഠിച്ചത്.
സിനിമയും ക്രിക്കറ്റും പ്രചോദനം പകർന്നു.കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതാണ്. പരിമിതികൾക്കിടയിൽ ക്രിക്കറ്റ് കളിച്ചു. നാലുമാസമായി കേരള വീൽചെയർ ക്രിക്കറ്റ് ടീം ക്യാപ്ടനാണ്. എന്റെ സാഹചര്യത്തെ മറികടന്ന് തിയേറ്ററിൽ സിനിമ കാണുന്നത് ആവേശമായിരുന്നു. കടുത്ത മോഹൻലാൽ ആരാധകനാണ്. റിലീസ് ദിവസം ലാലേട്ടൻ സിനിമകൾക്ക് ലഭിക്കുന്ന ആവേശവും സിനിമയിലേക്ക് വരുന്നതിന് ഉൗർജ്ജമായി. അച്ഛൻ എം.കെ. നാരായണൻ. വില്ലേജ് ഓഫീസറായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ആളുകളിൽ അത്യാവശ്യം വിദ്യാഭ്യാസ യോഗ്യത നേടുന്നവർ സർക്കാർ ജോലിയിലേക്ക് ശ്രമം നടത്തും.
സർക്കാർ ജോലി വേണ്ടെന്ന തീരുമാനത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. എന്റെ സ്വപ്നങ്ങൾക്കു പിന്നാലെയായിരുന്നു ഞാൻ. ശാരീരിക വെല്ലുവിളി നേരിടുന്ന ആൾ എന്ന തോന്നൽ അനുഭവപ്പെടുന്നില്ല. രണ്ടു ചീഫ് അസോസിയേറ്റ് ഡയറക്ടർമാരില്ലാതെ സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയപ്പോൾ യൂണിറ്റ്അംഗങ്ങൾ ഉൾപ്പെടെ അത്ഭുതപ്പെട്ടു. അവരുടെ പിന്തുണ അടുത്ത സിനിമയിലേക്ക് എത്തിക്കുന്നു.കഥ എഴുത്തും ചിത്രരചനയും പാട്ട് പാടുന്നതുമെല്ലാം സിനിമയിലേക്ക് വന്നപ്പോൾ സഹായിച്ചു. അമ്മ ശാന്ത നാരായണൻ. ചേട്ടൻ നിഥിൻ. ചേച്ചി നൈസ് മോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |