SignIn
Kerala Kaumudi Online
Sunday, 04 October 2026 12.29 PM IST

'ഫാസിലിന്റെ മകൻ അല്ലെങ്കിൽ നസ്രിയയുടെ ഹസ്ബൻഡ്, അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടം'

fahadh-fasil
സംവിധായകൻ ഫാസിൽ, നടൻ ഫഹദ്, നസ്രിയ

സിനിമയെ ഒരു പ്രൊഫഷനായി കാണുന്ന നടനാണ് ഫഹദ് ഫാസിൽ. താരപരിവേഷത്തിനപ്പുറം സിനിമയ്ക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന ഫഹദ് പല കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. തനിക്ക് ഫാൻസ് ക്ലബ് ആവശ്യമില്ലെന്ന് നേരത്തെ താരം പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫാൻസ് അസോസിയേഷനെക്കുറിച്ചുള്ള തന്റെ നിലപാട് ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഫഹദ്.

ഫാൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും അതുകൊണ്ടാണ് അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും ഫഹദ് പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ഈ ഫാൻസ് അസോസിയേഷനും ബാക്കി കാര്യങ്ങളും എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല. അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ വേണ്ടെന്ന് വെച്ചത്. ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റമില്ല. ഫാസിലിന്റെ മകൻ അല്ലെങ്കിൽ നസ്രിയയുടെ ഹസ്ബൻഡ് എന്നൊക്കെ അറിയപ്പെടാനാണ് എനിക്കിഷ്ടം. അതാണ് എനിക്ക് തൃപ്തി തരുന്നത്,' ഫഹദ് പറഞ്ഞു.

തന്റെ സിനിമകൾ കാണുകയും അതിനെക്കുറിച്ച് മാത്രം ആലോചിക്കുകയും ചെയ്താൽ മതിയെന്നും ഫഹദ് വ്യക്തമാക്കി. 'എന്റെ സിനിമ കാണുക, അത് കഴിഞ്ഞ് എന്നെക്കുറിച്ച് കൂടുതൽ ആലോചിക്കരുത്. ഞാൻ എന്ത് ചെയ്യുന്നെന്നോ അങ്ങനെയൊന്നും ആലോചിക്കേണ്ട കാര്യമില്ല. സിനിമ ഇഷ്ടപ്പെടണമെന്ന് മാത്രമേയുള്ളൂ. എനിക്ക് മാത്രമല്ല, എല്ലാ ആർട്ടിസ്റ്റുകളുടെയും ആഗ്രഹം അതുതന്നെയാകും. അല്ലാതെ ബാക്കി കാര്യങ്ങളോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല,' താരം കൂട്ടിച്ചേർത്തു.

അതേസമയം, ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വൻ ബജറ്റിൽ ഒരുങ്ങിയ ഫാന്റസി ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ നിർമിച്ച ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും പ്രദർശനത്തിനെത്തിയിട്ടുണ്ട്.

English Summary

Actor Fahadh Faasil reiterated his long-held stance against fan associations, stating he does not understand their functioning and prefers not to be involved. In an interview, he expressed a desire for audiences to focus solely on his films, rather than his personal life or fan clubs. His latest fantasy film, 'Don't Trouble the Trouble,' recently released in theatres to mixed reviews.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAHADH FAASIL, NAZRIYA NAZIM, FAHADH FAASIL INTERVIEW, FAHADH NAZRIYA, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY