മുംബയ്: തന്റെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെതിനെതിരെ രൂക്ഷ വിമർശനവുമായി നടി ജാൻവി കപൂർ. 'ദേവര' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യിലെ ജാൻവി കപൂറിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യമാക്കി മാറ്റിയതിനെതിരെയാണ് നടി രംഗത്തെത്തിയത്. മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് നടി പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
ഇത് ഒരു വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ലൈംഗിക അതിക്രമത്തിന് തുല്യമാണെന്നും ജാൻവി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിശദമായ പ്രസ്താവനയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ ക്രിമിനൽ ദുരുപയോഗത്തിലൂടെ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുകയും വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജാൻവി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പരസ്യമായി പ്രതികരിക്കുകയും തനിക്കൊപ്പം നിലകൊള്ളുകയും ചെയ്ത സഹതാരം ജൂനിയർ എൻടിആറിനും ജാൻവി നന്ദി അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ പിന്നീട് നീക്കം ചെയ്തു. ജാൻവിയുടെ രൂപം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റി അപകീർത്തികരമായ രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരുന്നത്. സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും അവരുടെ സമ്മതമില്ലാതെ മറ്റൊരാൾക്ക് ലൈംഗികവത്കരിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള അവകാശമില്ലെന്ന് ജാൻവി വ്യക്തമാക്കി. ഓൺലൈനിൽ പ്രചരിക്കുന്നതാണെന്ന കാരണം കൊണ്ട് ഇത്തരം ഉള്ളടക്കത്തെ നിസാരമായി കാണാനാകില്ലെന്നും താരം പറഞ്ഞു. ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം സ്ത്രീകളും ഏതെങ്കിലും തരത്തിൽ ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും ജാൻവി വ്യക്തമാക്കി.
ഒരു സ്ത്രീയുടെ അനുവാദം, തിരഞ്ഞെടുപ്പുകൾ, അവളുടെ ശരീരത്തോടുള്ള ബഹുമാനം എന്നിവ മനുഷ്യത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളാണ്. എന്നിട്ടും, എന്തുകൊണ്ടോ അത് പലപ്പോഴും അവഗണിക്കപ്പെടുകയാണെന്നും താരം വിമർശിച്ചു. തുടർച്ചയായി അഞ്ച് ദിവസം യെസ്' എന്ന് പറയുന്ന ഒരു സ്ത്രീ ആറാം ദിവസം 'നോ' എന്ന് പറഞ്ഞാൽ, ആ 'നോ'യെ ബഹുമാനിക്കാൻ ചിലർക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്നത് ഏറെ അതശയകരമാണ്. ഒരു സ്ത്രീ മിനിസ്കർട്ട് ധരിക്കുന്നു എന്നതിനർഥം അവളുടെ സ്കർട്ടിനടിയിലേക്ക് ക്യാമറ പിടിക്കാനോ അവളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ ഉള്ള അനുവാദമല്ലെന്നും താരം തുറന്നടിച്ചു.
'ഒരു സ്ത്രീയുടെ ചോയിസുകള്‍ എന്താണ്? എവിടെയാണ് അതിർവരമ്പ് നിശ്ചയിക്കുന്നത്? സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണം? എന്നെല്ലാം തീരുമാനിക്കുന്നത് തികച്ചും അവളുടെ മാത്രം അവകാശമാണ്'- ജാൻവി പറഞ്ഞു. ഇത് വെറുമൊരു വീഡിയോ അല്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണികളുടെ യഥാർത്ഥ കാഴ്ചയാണെന്നും അവർ പറഞ്ഞു. മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറാനുള്ള അവകാശമുണ്ടെന്ന ചിന്താഗതി തിരുത്തുകയാണ് വേണ്ടതെന്നും ജാൻവി വ്യക്തമാക്കി.
Janhvi Kapoor strongly criticized the AI-morphed obscene video using visuals from ‘Chuttamalle’ featuring her and Jr NTR. Calling it an invasion of dignity and privacy, she said unauthorized sexualization is unacceptable. Janhvi emphasized that consent, personal choices and bodily autonomy must always be respected. She also thanked Jr NTR for speaking out against the misuse of technology.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |