SignIn
Kerala Kaumudi Online
Saturday, 07 November 2026 12.36 AM IST

'നാലഞ്ചു വർഷമായിട്ട് സിനിമയില്ല, എല്ലാവരും മറന്നെന്ന് കരുതി',​ ലാൽ ജോസ്‌

laljose
ലാൽ ജോസ്

മലയാള സിനിമയിൽ അപ്രതീക്ഷിത വിജയമായി മാറിയ ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. കുറഞ്ഞ ചെലവിൽ ഒരുക്കിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ 50 കോടിയിലേറെയാണ് കളക്ഷൻ നേടിയത്. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷച്ചടങ്ങിൽ തന്റെ അഭിനയ അനുഭവങ്ങൾ പങ്കുവച്ച സംവിധായകൻ ലാൽ ജോസിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഫൊറൻസിക് ഡോക്ടറായാണ് ലാൽ ജോസ് അഭിനയിച്ചത്.

പാർവതി തിരുവോത്തിനും ഉണ്ണിമായയ്ക്കുമൊപ്പം അഭിനയിക്കേണ്ടിവന്നപ്പോൾ തനിക്ക് ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്. ഇരുവരെയും ഗൗരവക്കാരായ വ്യക്തികളായാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ നേരിൽ കണ്ടതോടെ ആ ധാരണ മാറി. അഭിനയത്തിനിടെ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഇരുവരും വഴക്കുപറയുമോ എന്നുപോലും ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം തമാശയോടെ പറഞ്ഞു.

സംവിധായകൻ ഷഹദിനെ രണ്ടോ മൂന്നോ വട്ടം മാത്രമാണ് മുമ്പ് കണ്ടിട്ടുള്ളതെന്നും പിന്നീട് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുകയായിരുന്നുവെന്നും ലാൽ ജോസ് ഓർത്തെടുത്തു. ഏറെക്കാലമായി സിനിമയിൽ സജീവമല്ലാതിരുന്ന തനിക്ക് ഈ അവസരം വലിയ സന്തോഷമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നാലഞ്ചു വർഷത്തോളമായി സിനിമയൊന്നും ചെയ്യാതിരുന്നതിനാൽ പ്രേക്ഷകർ തന്നെ മറന്നുപോയിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് ലാൽ ജോസ് പറഞ്ഞു. എന്നാൽ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പുറത്തിറങ്ങിയതോടെ നിരവധി പേരാണ് വിളിച്ചത്. സംവിധായകൻ ഷഹദ് നൽകിയ അവസരത്തിന് അദ്ദേഹം നന്ദി പറയാനും മറന്നില്ല.

ചിത്രത്തിൽ തന്റെ മുഖം കണ്ടിട്ടും ആദ്യം പലർക്കും ആളെ മനസിലായില്ല. എന്നാൽ സ്‌ക്രീനിൽ ശബ്ദം കേട്ടതോടെ തിരിച്ചറിഞ്ഞുവെന്നാണ് ലാൽ ജോസിന്റെ രസകരമായ പ്രതികരണം. തന്റെ ശബ്ദത്തെ 'ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു തമാശ. ഏറെ നാളുകൾക്കുശേഷം തന്റെ അഭിനയം കണ്ടിട്ട് നിരവധി പേർ വിളിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ ഷഹദിനൊപ്പം താനും ആത്മാർത്ഥമായി ആഹ്ളാദിക്കുന്നുണ്ടെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

English Summary

Malayalam film Prathama Drishtya Kuttakkar has become an unexpected hit, collecting over Rs 50 crore worldwide despite being made on a low budget. The film stars Parvathy Thiruvothu, Siddharth Bharathan, Unnimaya, Vijayaraghavan, and Mathew Thomas.At the film's success celebration, director Lal Jose, who played a forensic doctor in the film, shared his acting experience which is now going viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LALJOSE, LATESTNEWS, CINEMA, MALAYALAM CINEMA, PRADHAMA DRISHTYA KUTTAKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY