SignIn
Kerala Kaumudi Online
Sunday, 26 July 2026 9.55 PM IST

ശക്തിമാനായി രൺവീർ സിംഗ്? മുകേഷ് ഖന്നയുടെ അവകാശവാദങ്ങൾ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രം

ranveer-mukesh-khanna

ഇന്ത്യൻ ടെലിവിഷൻ സൂപ്പർഹീറോ 'ശക്തിമാൻ' സിനിമയാകുമ്പോൾ ബോളിവുഡ് താരം രൺവീർ സിംഗ് നായകനാകുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളാണ് സജീവമാകുന്നത്. ശക്തിമാനായി രൺവീർ എത്തുന്നതിനെ ഒറിജിനൽ ശക്തിമാൻ മുകേഷ് ഖന്ന എപ്പോഴും എതിർത്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശക്തിമാൻ സീരിയലിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ലളിത് പരിമൂ. മാദ്ധ്യമ പ്രവർത്തകൻ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രൺവീർ സിംഗിനെ ശക്തിമാനാക്കുന്നതിന് അനുമതി തേടി താരം മുകേഷ് ഖന്നയെ കണ്ട് മൂന്ന് മണിക്കൂറോളം സംസാരിച്ചിരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ലളിത്.

'എനിക്ക് മുകേഷ് ജിക്കെതിരെ ഒന്നും പറയാനില്ല. എന്നാൽ ഇന്നത്തെ ലോകം പബ്ലിസിറ്റിക്ക് പിന്നാലെയാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി പബ്ലിസിറ്റി ഗിമ്മിക്കുകൾ ഉപയോഗിക്കാറുണ്ട്. മുകേഷ് ഖന്നയും ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,'- ലളിത് പറഞ്ഞു.

രൺവീർ സിംഗിന്റെ അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു. 'ധുരന്ധർ' സിനിമയിലെ രൺവീറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ശക്തിമാൻ ആകാൻ അദ്ദേഹത്തിന് എല്ലാവിധ യോഗ്യതയുണ്ടെന്നും ലളിത് കൂട്ടിച്ചേർത്തു. എന്നാൽ പഴയ ദൂരദർശൻ പരമ്പരയുടെ മാജിക് ഒരു സിനിമയ്ക്ക് പുനഃസൃഷ്ടിക്കാൻ കഴിയുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇന്നത്തെ പ്രേക്ഷകർ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സാങ്കേതികവിദ്യയും ദൃശ്യമികവുമാണ് ഒരു സൂപ്പർഹീറോ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2022ലാണ് സോണി പികചേഴ്സ് ശക്തിമാൻ ഒരു സിനിമയായി ബിഗ് സ്‌ക്രീനിൽ എത്തിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോയുടെ തിരിച്ചുവരവിനായി ബ്രൂവിംഗ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, മുകേഷ് ഖന്നയുടെ ഭീഷ്മ ഇന്റർനാഷണൽ എന്നിവരുമായി ചേർന്നാണ് സോണി പികചേഴ്സ് ചിത്രം അണിയറയിൽ ഒരുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAKTHIMAN, RANVEER, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY