SignIn
Kerala Kaumudi Online
Sunday, 31 May 2026 12.30 PM IST

സിനിമാ സംഘം പണം നൽകാതെ പറ്റിച്ചെന്ന പരാതി: ഒടുവിൽ വ്യാപാരികൾക്ക് തുക കൈമാറി ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ്

ashiq-abu

'അജസുന്ദരി' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിലങ്ങാട്ടെ വ്യാപാരികൾക്ക് നൽകാനുണ്ടായിരുന്ന ലക്ഷങ്ങളുടെ കുടിശ്ശിക തീർത്തു. ചിത്രത്തിന്റെ നിർമ്മാതാവായ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് ആണ് വ്യാപാരികൾക്ക് മുഴുവൻ പണവും നൽകി പ്രശ്നം പരിഹരിച്ചത്. വിലങ്ങാട്ടെ വ്യാപാരികൾ നേരിട്ട ദുരിതം സംബന്ധിച്ചുള്ള വാർത്തയെ തുടർന്നാണ് അടിയന്തര നടപടി.


മൂന്ന് മാസത്തോളമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രീകരണത്തിനായി വിലങ്ങാട് ഉണ്ടായിരുന്നത്. ഈ സമയം പ്രദേശത്തെ കടകളിൽ നിന്ന് പലചരക്ക് സാധനങ്ങളും ചിക്കൻ, ബീഫ്, താറാവ്, മുട്ട തുടങ്ങിയ ഭക്ഷണസാധനങ്ങളും വൻതോതിൽ വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ പണം നൽകാതെ അണിയറ പ്രവർത്തകർ വ്യാപാരികളെ പറ്റിക്കുകയായിരുന്നു എന്നാണ് ഉയർന്ന പരാതി. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ വ്യാപാരികൾ പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് വ്യാപാരികൾ പരാതിയുമായി രംഗത്തെത്തിയത്.


മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി ആഷിഖ് അബു തന്നെ നേരിട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യാപാരികളുടെ പരാതി ന്യായമാണെന്നും, പണം ലഭ്യമാക്കാൻ ഉടൻ ഇടപെടുമെന്നും അദ്ദേഹം ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വടകര സ്വദേശിയായ സജിത്ത് എന്നയാൾക്കായിരുന്നു സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഭക്ഷണം നൽകാനുള്ള ചുമതല. ഇയാൾക്ക് 25 ലക്ഷം രൂപ പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് കൈമാറിയിരുന്നെങ്കിലും, ഇയാൾ വ്യാപാരികൾക്ക് പണം നൽകാതെ മുങ്ങുകയായിരുന്നു എന്നാണ് ഒപിഎം സിനിമാസ് വ്യക്തമാക്കുന്നത്. എന്തായാലും നിർമ്മാതാക്കൾ നേരിട്ട് ഇടപെട്ട് തുക കൈമാറിയതോടെ വിലങ്ങാട്ടെ വ്യാപാരികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASHIQ ABU, CINEMA, OPM CINEMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY