സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ഹേരാ ഫേരി-3യിൽനിന്ന് പിന്മാറുന്നതായി സംവിധായകൻ പ്രിയദർശൻ. അക്ഷയ് കുമാർ-സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരൊന്നിച്ച സിനിമാ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്. സംവിധാനത്തിൽനിന്ന് പിന്മാറുകയാണെന്ന് പറഞ്ഞതിനൊപ്പം ഈ ചിത്രം ഒരിക്കലും വെള്ളിത്തിര കാണാൻ സാദ്ധ്യതയില്ലെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
പ്രിയദർശൻ ഇനിമുതൽ ചിത്രത്തിന്റെ ഭാഗമാകില്ലെന്ന് നിർമാതാവ് ഫിറോസ് നാദിയാവാലയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പ്രിയദർശന്റെ പ്രതികരണം. ചിത്രവുമായി ബന്ധപ്പെട്ട് ധാരാളം നിയമപരമായ പ്രശ്‌നങ്ങളും വ്യക്തിപരമായ തർക്കങ്ങളുമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. ഇക്കാരണങ്ങളാൽ ചിത്രം വെള്ളിത്തിരയിൽ എത്താൻ സാധ്യതയില്ലെന്നും അതിനാൽ താൻ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം അപ്രധാനമാണെന്നും പ്രിയദർശൻ വ്യക്തമാക്കി.
ചിത്രത്തിന്റെ ഫ്രാഞ്ചൈസി, സംഗീതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ തങ്ങൾക്കാണെന്നാണ് നിർമ്മാണക്കമ്പനിയായ സെവൻ ആർട്‌സ് ഇന്റർനാഷണൽ അവകാശപ്പെടുന്നത്.
മലയാളത്തിലെ 'റാംജി റാവു സ്‌പീക്കിംഗ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കാൻ മാത്രമാണ് നിർമ്മാതാവ് ഫിറോസ് നാദിയ വാലയ്‌ക്ക് അവകാശം ഉണ്ടായിരുന്നതെന്നും ഫ്രാഞ്ചൈസി അവകാശങ്ങൾ കൈമാറിയത് നിയമവിരുദ്ധമാണെന്നുമാണ് ഇവരുടെ വാദം. ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട് ടി-സിരീസ് മേധാവി ഭൂഷൺ കുമാറും അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സങ്കീർണമായ നിയമപ്രശ്‌നങ്ങൾ പരിഹരിക്കാതെ സിനിമയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് പ്രിയദർശൻ പറയുന്നത്. ചിത്രം വെള്ളിത്തിരയിലെത്താൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |