SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.55 PM IST

കടന്നാക്രമിച്ച് രാഹുൽ ഗാന്ധി, ട്രംപ് പറഞ്ഞാൽ മോദി ചാടും; മോദി പറഞ്ഞാൽ പിണറായിയും

rahul

കൊച്ചി: ട്രംപ് ചാടാനും ഓടാനും പറഞ്ഞാൽ നരേന്ദ്രമോദി അതുപോലെ ചെയ്യും. മോദി പറയും പോലെ പിണറായി വിജയനും ചെയ്യും. ഇരുവർക്കും വിധേയത്വം അത്രമാത്രമുണ്ടെന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി.

ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചത്. ട്രംപിനു സ്വയം വിറ്റയാളാണ് മോദി. അദാനിക്കെതിരെ ട്രംപ് അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസ് ലക്ഷ്യം വയ്‌ക്കുന്നത് മോദിയിലേക്കാണ്. അതുകൊണ്ടാണ് ട്രംപ് എന്തുപറഞ്ഞാലും അനുസരിക്കുന്നത്.

ഇതുപോലെയാണ് മോദിയോടുള്ള വിധേയത്വത്തിൽ കേരള മുഖ്യമന്ത്രിയും. തന്റെ മക്കളെ സംരക്ഷിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഇതിനായി രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ സംരക്ഷണമാണ് അദ്ദേഹം തേടുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് തോന്നും. എന്നാൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ കൂട്ടുകച്ചവടം നടക്കുന്നുണ്ട്. ദൈവങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി കേരളത്തിൽ വന്നാൽ ഇവയെക്കുറിച്ച് വാ തുറക്കില്ല. ശബരിമലയിലെ സ്വർണക്കവർച്ച പോലും മിണ്ടുന്നില്ല. കാരണം, എൽ.ഡി.എഫ് ജയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. ബി.ജെ.പിക്ക് എൽ.ഡി.എഫ് എതിരാകില്ലെന്ന് മോദിക്കറിയാം. രാജ്യത്ത് ബി.ജെ.പിയുടെ യഥാർത്ഥ എതിരാളി കോൺഗ്രസാണ്.

അമേരിക്കയ്ക്ക് ഇന്ത്യ ഊർജ സുരക്ഷയടക്കം എഴുതി നൽകി. പകരം ഒന്നും കിട്ടിയില്ല. ഗാർഹിക പാചകവാതകത്തിന്റെ വിലയടക്കം ഉടൻ വർദ്ധിക്കും. ദരിദ്രരായ മനുഷ്യരും കർഷകരും മത്സ്യത്തൊഴിലാളികളും ഇതുമൂലം ബുദ്ധിമുട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പരിപാടിയിൽ കൊച്ചി, തൃക്കാക്കര, വൈപ്പിൻ, എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ രാഹുൽ ഷാൾ അണിയിച്ചു. കുന്നത്തുനാട് മണ്ഡലത്തി​ലെ തി​രഞ്ഞെടുപ്പ് യോഗത്തി​ലും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA