SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ലീഗിൽ കലഹം: രണ്ടത്താണിയെ റാ‌ഞ്ചാനുള്ള സി.പി.എം ശ്രമം പാളി വനിതാ ലീഗിനും പ്രതിഷേധം

randathani

മലപ്പുറം: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുസ്ലിം ലീഗിൽ കലഹം. തിരൂരങ്ങാടി സ്ഥാനാർത്ഥി പി.എം.എ.സമീറിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ വനിതാലീഗും പരസ്യമായി രംഗത്തെത്തി. അതിനിടെ അസംതൃപ്തി പ്രകടമാക്കിയ രണ്ടത്താണിയെ ഇടതുപാളയത്തിലെത്തിച്ച് തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സി.പി.എം ശ്രമിച്ചു. എന്നാൽ താൻ പാർട്ടി വിടില്ലെന്ന് ഇന്നലെ രാത്രി വൈകി രണ്ടത്താണി അറിയിച്ചു.

സി.പി.ഐ സീറ്റായ തിരൂരങ്ങാടിയാണ് രണ്ടത്താണിക്ക് വാഗ്‌ദാനം ചെയ്തിരുന്നത്. ഇവിടെ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യത്തോട് സി.പി.ഐ പ്രതികരിച്ചിരുന്നില്ല.

സി.പി.എം സ്വതന്ത്രനായ മന്ത്രി വി.അബ്ദുറഹിമാൻ പ്രചാരണത്തിനിറങ്ങാത്ത താനൂരിലേക്കും രണ്ടത്താണിയെ സി.പി.എം പരിഗണിച്ചിരുന്നു. താനൂരിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയതിലെ അസംതൃപ്തിയിലാണ് വി.അബ്ദുറഹിമാൻ. അതിനിടെ അബ്ദുറഹിമാനെ ജന്മനാടായ തിരൂരിലേക്ക് മാറ്റാനും ആലോചനയുണ്ട്.

തങ്ങൾമാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനാണ് പി.എം.എ.സമീറിനെ സ്ഥാനാർത്ഥിയാക്കിയെന്നായിരുന്നു രണ്ടത്താണിയുടെ ആരോപണം. ലീഗ് പ്രാദേശിക കമ്മിറ്റികളോ പാർട്ടിപ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീറിനെ മത്സരിപ്പിക്കുന്നതെന്നും വിമർശിച്ചിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണ് സമീറെന്നാണ് ആരോപണം. പാർട്ടിവേദികളിൽ പരിചിതമല്ലാത്ത സമീർ ആരെന്ന ചോദ്യം അണികൾക്കിടയിലും ഉയർന്നിട്ടുണ്ട്.

ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ രണ്ടത്താണി മറുകണ്ടം ചാടിയിരുന്നെങ്കിൽ പോര് കടുക്കുമായിരുന്നു. കെ.ടി. ജലീലിനുശേഷം ലീഗിന്റെ പ്രധാന നേതാവിനെ അടർത്തിയെടുത്ത് മത്സരിപ്പിക്കാനുള്ള സി.പി.എം നീക്കമാണ് പാളിയത്. മറ്റുപാർട്ടികളിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് മലപ്പുറത്തെ നാല് സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം ഇതുവരെ സി.പി.എം നടത്തിയിട്ടില്ല. അതേസമയം, രണ്ടത്താണിയെ അനുനയിപ്പിക്കാനുള്ള നീക്കം ലീഗ് ശക്തമാക്കിയിട്ടുണ്ട്. അതൃപ്തി ചർച്ച ചെയ്തു അവരെ കൂടി ചേർത്തുനിറുത്തുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

'അവർ വനിതാലീഗല്ല'

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിലും ലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജനെ കൂത്തുപറമ്പിലും മത്സരിപ്പിക്കുന്നുണ്ടെങ്കിലും ഇരുവരും വനിതാലീഗ് നേതാക്കളല്ലെന്ന വാദമുയർത്തിയാണ് വനിതാലീഗ് പ്രതിഷേധം. മലപ്പുറത്തെ ഉറച്ചസീറ്റിൽ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാടിനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത രണ്ട് സീറ്റുകളിൽ ഒന്നിൽ വനിതാലീഗ് ഭാരവാഹിയെ മത്സിപ്പിക്കാനും ലീഗ് ആലോചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RANDATHANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA