തിരുവനന്തപുരം: വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം ലഭിക്കുന്നതായി സൂചന. കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.
റിപ്പോർട്ട് പുറത്തുവന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഡിജിപി നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതുവരെ റിപ്പോർട്ട് പൂഴ്‌ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.ആർ അജിത്കുമാറിനോട് വിശദീകരണം തേടുമെന്നും മൊഴി രേഖപ്പെടുത്തുമെന്നും നേരത്തെ വിവരമുണ്ടായിരുന്നു.
എ.ഡി.ജി.പി ഓഫീസിലെ ഗ്രേഡ് എസ്.ഐമാരും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും നൽകിയ വിവരങ്ങളനുസരിച്ച് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കേണ്ടയാൾ കേസ് ഡയറി തിരുത്തി കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കിയതായാണ് കണ്ടെത്തിയത്. അജിത് കുമാർ ഇത്തരമൊരു ഇടപെടൽ നടത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള ഇടപെടലുണ്ടെന്ന ആരോപണവും ശക്തമാണ്.
പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി.തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കേസിനെയും മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരുൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |