
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം.
ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കെെമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം. സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു.
കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് യോഗം. ജോയിന്റ് സെക്രട്ടറിസ്ഥാനത്ത് നിന്ന് രാജിവച്ച നടി അൻസിബ ഹസൻ നടൻ ടിനി ടോമിനും നടി ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതി ജനറൽ ബോഡിയിൽ ചർച്ചയായേക്കാം. അൻസിബ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. പ്രമുഖ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. മുൻനിര താരങ്ങളിൽ മോഹൻലാൽ മാത്രമാണ് എത്തിയത്.
ഐഎഫ്എഫ്കെയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തുവെന്നുമുള്ള കടുത്ത ആരോപണങ്ങൾ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ടെന്നാണ് വിവരം. വാർഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചർച്ചകളും വിമർശനങ്ങളും യോഗത്തിൽ ഉയരുന്നുണ്ട്. സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാലിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |