
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ മണൽവാരൽ ജനുവരിയിൽ തുടങ്ങുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ ആലപ്പുഴയിൽ കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷ ചടങ്ങിനിടെ നദികളിലെ മണൽ നീക്കി ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മണൽവാരലിന്റെ മേൽനോട്ടം റവന്യു വകുപ്പിനാണ്. തദ്ദേശം, ജലവിഭവം, വ്യവസായം, പരിസ്ഥിതി വകുപ്പുകളുടെ സഹകരണവും വേണം. വകുപ്പുതല ചർച്ചകൾ തുടങ്ങി. മഴ കഴിഞ്ഞാൽ ഉടൻ മണൽ ഖനനം തുടങ്ങുന്നതിലേക്ക് കടക്കും. നദികളുടെ ജലസംഭരണ ശേഷി കൂട്ടി പ്രളയത്തെ അതിജീവിക്കുന്നതിനൊപ്പം നിർമ്മാണ മേഖലയ്‌ക്ക് കൈത്താങ്ങാവുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ സംസ്ഥാന ഖജനാവിന് വരുമാനവും ലഭിക്കും.
ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി നദികളിലെ മണൽവാരലിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തേ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം അനുമതി നൽകിയിരുന്നു. തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല നൽകിയത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനും പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളായുമുള്ള ജില്ലാതല സമിതിക്കായിരുന്നു മേൽനോട്ടച്ചുമതല. ഇതിൽ മാറ്റം വേണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചർച്ച നടക്കുന്നത്.
മണൽ വാരൽ നിലച്ചത് 2016ൽ
സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിട്ടിയുടെ ക്ലിയറൻസ് സുപ്രീംകോടതി നിർബന്ധമാക്കിയതോടെ 2016ലാണ് സംസ്ഥാനത്ത് മണൽ വാരൽ നിലച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഇതിനനുബന്ധമായി വിജ്ഞാപനമിറക്കി. റവന്യുവകുപ്പ് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും അംഗീകൃത കൺസൽട്ടന്റുമാരിലൂടെയേ പദ്ധതി തയ്യാറാക്കാവൂ എന്ന് 2020ൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചു. ഇതേത്തുടർന്ന് നദികളിൽ സാൻഡ് ഓഡിറ്റിംഗ് നടത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് (ഐ.എൽ.ഡി.എം) കീഴിലുള്ള റിവർ മാനേജ്‌മെന്റ് സെന്ററാണ് ഓഡിറ്രിംഗ് നടത്തിയത്. 32 നദികളിലെ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ വാരാനുള്ള ഇടങ്ങൾ കണ്ടെത്തിയത്.
'കൃത്യമായ ഇടവേളകളിൽ മണൽ നീക്കാത്തതിനാൽ കേരളത്തിൽ നദികളുടെ ആഴം കുറയുകയാണ്. കൂടുതൽ മഴ ലഭിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ടത് നദികളിലൂടെയാണ്. പരിസ്ഥിതിയുൾപ്പെടെ ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കരുത്".
- സി.പി. രാധാകൃഷ്ണൻ, ഉപരാഷ്ട്രപതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |