കോഴിക്കോട്: താരസംഘടനയായ 'അമ്മ'യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ.
'കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ് അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ പോരാടുന്നു എന്ന് പറയുന്നത്. ഈ പ്രശ്‌നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും അവരുടെ നിലപാട് അറിയിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ അത് പരസ്യമായി പറയണം. അവർ എന്തുകൊണ്ടാണ് ഇതിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയില്ല'- അൻസിബ പറഞ്ഞു.
ഒരു സാധാരണ സ്‌ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്‌ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും നടി ശ്വേത മേനോൻ കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ, ശ്വേതയും പവർ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് അൻസിബ പറയുന്നത്. അമ്മയിലെ തർക്കങ്ങൾ രാഷ്‌ട്രീയ ആരോപണങ്ങളിലേക്കും സാമ്പത്തിക ക്രമക്കേടുകളിലേക്കും കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അദാനി ഗ്രൂപ്പിന്റെ പേരുകൂടി വന്നതോടെ പ്രശ്‌നങ്ങൾ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
അതേസമയം, അൻസിബയുടെ പരാതിയിൽ നടി ലക്ഷ്‌മിപ്രിയ, ഹിൽ പാലസ് എസ്‌ഐ രേഷ്‌മ എന്നിവർക്കെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. വ്യാജ പരാതിയുടെ പേരിൽ ലക്ഷ്‌മിപ്രിയ മാനസികമായി പീഡിപ്പിച്ചെന്നും സ്റ്റേഷനിൽ എസ്‌ഐ മോശമായി പെരുമാറിയെന്നുമാണ് അൻസിബയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |