
കൊച്ചി: ബ്രിക്സ് അദ്ധ്യക്ഷ പദവിയിലുള്ള ഇന്ത്യ ആതിഥ്യം വഹിക്കുന്ന ബ്രിക്സ് വനിതാ പ്രവർത്തക സമിതി യോഗം ഇന്നും നാളെയും കൊച്ചിയിൽ ചേരും. ഗ്രാൻഡ് ഹയാത്ത് ഹോട്ടലാണ് വേദി.
ഭരണത്തിലും നേതൃത്വത്തിലും സ്ത്രീ പങ്കാളിത്തം, ഡിജിറ്റൽ-സാമ്പത്തിക രംഗങ്ങളിലെ സ്ത്രീ പങ്കാളിത്തം, വനിതാസംരംഭകത്വവും നൈപുണ്യ വികസനവും, കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിലും ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും സ്ത്രീകളുടെ പങ്ക് എന്നീ വിഷയങ്ങളിൽ ഊന്നിയാണ് ചർച്ചകൾ. ബ്രിക്സ് അംഗരാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ബ്രിക്സ് കൂട്ടായ്മ. ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും ഈ രാജ്യങ്ങളുടെ വിഹിതമാണ്. ലോക ജനസംഖ്യയുടെ 49.5 ശതമാനത്തെ ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വികസനം രാജ്യപുരോഗതിയെ സ്വാധീനിക്കുന്നതിനാൽ ബ്രിക്സ് 2026ലെ വനിതാ കേന്ദ്രീകൃത ചർച്ചകൾക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ വെർച്വലായി ചേർന്ന മൂന്ന് പ്രാഥമിക കൂടിയാലോചനാ യോഗങ്ങളുടെ തുടർച്ചയാണ് കൊച്ചിയിലെ യോഗം. കർശന സുരക്ഷയാണ് സമ്മേളനവേദിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |