SignIn
Kerala Kaumudi Online
Sunday, 23 August 2026 12.36 AM IST

പൊലീസിന് ആയുധമായി മുളക് സ്‌പ്രേയും  750 സ്പ്രേ വാങ്ങാൻ അനുമതി

chilli

തിരുവനന്തപുരം: അക്രമികളെ വരുതിയിലാക്കാനും വനിതാ പൊലീസിന്റെ സ്വയരക്ഷയ്ക്കുമായി മുളക്‌സ്പ്രേ (ചില്ലി സ്പ്രേ) വാങ്ങാൻ പൊലീസ്. 750 ചില്ലി സ്പ്രേ വാങ്ങാനുള്ള ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.

ബി.എസ്.എഫിന്റെ തെക്കൻപൂരിലെ ടിയർ സ്മോക്ക് യൂണിറ്റിൽ നിന്നാവും സ്പ്രേ വാങ്ങുക. 'യന്ത്രസാമഗ്രികളും ഉപകരണങ്ങളും" എന്ന അക്കൗണ്ടിലെ 4,50,750 രൂപ ഉപയോഗിക്കും. സെൽഫ് പ്രൊട്ടക്ഷൻ എയറോസോൾ ഡിവൈസ് (എസ്.പി.എ.ഡി) എന്ന നിലയിലാവും വാങ്ങുക.

സമരങ്ങൾ നിയന്ത്രിക്കാനാവാതെ വന്നാലും ഇതുപയോഗിക്കാം. എന്നാൽ സാധാരണക്കാർക്കു നേരെ മുളക് സ്പ്രേ പ്രയോഗിക്കാനാവില്ല.

കാശ്‌മീരിലും മറ്റും അക്രമാസക്തരാവുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും മുളക് സ്പ്രേ ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വളരുന്ന മുളകായ ഭൂത് ജൊലോകിയ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സാധാരണ മുളകിനേക്കാൾ ഇരുപത് മടങ്ങ് എരിവുണ്ട്. ചില്ലി ഗ്രനേഡുകളും ഇതുപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഡി.ആർ.ഡി.ഒയാണ് വികസിപ്പിച്ചത്.

ദുരുപയോഗമെങ്കിൽ

പണികിട്ടും

ചിറയൻകീഴ് സ്വദേശിയുടെ കണ്ണിൽ മുളക് സ്‌പ്രേയടിച്ച എസ്.ഐയിൽ നിന്ന് നഷ്ടപരിഹാരമായി അരലക്ഷം രൂപ ഈടാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജൂലായിൽ ഉത്തരവിട്ടു. വിവാഹമോചന കേസ് നടക്കവേ, ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചെന്ന് ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിനെതിരെ പരാതി കിട്ടിയിരുന്നു. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കണ്ണിൽ മുളക് സ്പ്രേ അടിക്കുകയായിരുന്നു. തുക സർക്കാർ നൽകിയ ശേഷം എസ്.ഐയുടെ ശമ്പളത്തിൽ നിന്ന് തിരിച്ചുപിടിച്ചു.

ആരോഗ്യപ്രശ്നങ്ങൾ

1 ചില്ലി സ്പ്രേ ഏൽക്കുന്നവരുടെ കണ്ണും മൂക്കും മുഖവും എരിഞ്ഞു പുകയും

2 ചുമയും ശ്വാസംമുട്ടലുമുണ്ടാകും. ചെവി വേദന,​ കാഴ്ച തകരാർ എന്നിവയ്ക്ക് സാദ്ധ്യത

3 സ്‌പ്രേ ഉപയോഗത്തിലൂടെ 26 പേർ മരിച്ചതായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ റിപ്പോർട്ട്

ഷെല്ലും ഗ്രനേഡും

കൂടുതൽ വാങ്ങും

2500 ടിയർസ്മോക്ക് ഷെൽ, 2500 സ്റ്റൺ ഷെൽ, 2500 സ്റ്റൺ ഗ്രനേഡ്, 2500 ടിയർ സ്മോക്ക് ഗ്രനേഡ് എന്നിവയും പൊലീസ് വാങ്ങും. ഇവയ്ക്കെല്ലാമായി 1.16 കോടി രൂപയാണ് ചെലവ്.

ഉദ്യോഗസ്ഥരുടെ സ്വയരക്ഷയ്ക്ക് വേണ്ടിയാവും മുളക് സ്പ്രേ ഉപയോഗിക്കുക. ഒറ്റയ്ക്ക് പെട്രോളിനടക്കം പോവുന്നവർക്കെതിരെ ഏതെങ്കിലും തരത്തിലെ ആക്രമണമുണ്ടായാൽ നേരിടേണ്ടിവരും. മുൻപും ഇത് വാങ്ങിയിട്ടുണ്ട്. 5വർഷമാണ് കാലാവധിയുള്ളത്.

-റവാഡ ചന്ദ്രശേഖർ,

പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA