SignIn
Kerala Kaumudi Online
Tuesday, 13 October 2026 10.43 PM IST

കേന്ദ്രത്തിന്റേത് സാഡിസ്റ്റ് സമീപനം: മുഖ്യമന്ത്രി

p

പിണറായി : ‌സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കേന്ദ്ര സർക്കാർ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ മെഡൽ വിതരണവും പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് വലിയ സമ്പത്തില്ല. ഖജനാവിന് വലിയ ശേഷിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാദ്ധ്യതകൾ ജി.എസ്.ടി വഴി കേന്ദ്രം കൈയടക്കി. നമ്മുടെ നാടിന്റെ പുരോഗതിയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ഒരു സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടതെന്ന് ആലോചിക്കണം. ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കാൻ ചിലർ തയ്യാറല്ല. ദുരന്തങ്ങളെ അതിജീവിച്ച കേരളീയ ജനതയ്ക്ക് മേൽ കേന്ദ്ര സർക്കാറിന്റെ നിലപാട് പ്രത്യേക ദുരന്തമായി വരികയാണ്. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമുള്ള ആനുകൂല്യനിഷേധം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പും സ്‌കോളർഷിപ്പും ഡോ. വി. ശിവദാസൻ എം.പി വിതരണം ചെയ്തു. ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികൾക്കുള്ള പാരിതോഷിക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ തൊഴിലാളികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA