SignIn
Kerala Kaumudi Online
Saturday, 19 September 2026 9.38 PM IST

ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി: 'ഏത് ബഹു...മാന്യൻ ചേർന്നാലും ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും'

p

തിരുവനന്തപുരം: ഗവർണർമാരെ ഉപയോഗിച്ച് തങ്ങളുടെ താത്പര്യം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, അതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്‌റ്റാഫ് അസോസിയേഷന്റെ 64ാം വാർഷിക സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ ആത്യന്തിക വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എൽ.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ആ വികസനത്തിന് തടയിടാൻ യു.ഡി.എഫും, ബി.ജെ.പിയും ഒറ്റ മനസോടെ ഇറങ്ങിയിരിക്കുകയാണ്. അതിനൊപ്പം, 'നിങ്ങൾ ഒറ്റയ്‌ക്കല്ല ഞാനുമുണ്ട്" എന്നുപറഞ്ഞ് കേരളത്തിലെ സർക്കാരിനെ 'എന്റെ ഗവൺമെന്റ്" എന്ന് വിളിക്കാൻ ഭരണഘടന പ്രകാരം അവകാശമുള്ള 'ബഹു... മാന്യ" നും ചേരുന്നത് നിർഭാഗ്യകരമാണ്. ഏത് ബഹു...മാന്യൻ ചേർന്നാലും കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതനുസരിച്ചുള്ള നിലപാട് അവർ സ്വീകരിക്കുമെന്ന് ഇത്തരക്കാർ മനസിലാക്കണം. ഈ ബഹുമാന്യൻ ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നുവെന്നാണ് കേൾക്കുന്നത്. താൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണെന്നാണ് പറഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമ്മുടെ എതിരാളിയായി അദ്ദേഹം ഉണ്ടാവുമെന്ന് കരുതാം. അതിനെ സ്വാഗതം ചെയ്യുന്നു -മുഖ്യമന്ത്രി പറഞ്ഞു. വരുമാനങ്ങൾ തട്ടിപ്പറിച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാകുമോയെന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്ര

കേരള സർക്കാരിനെതിരെ

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. യാത്ര കൂടുതൽ ദിവസം പര്യടനം നടത്തുന്നത് കേരളത്തിലാണ്. ഏറ്റവും വലിയ സംസ്ഥാനമായ, ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ രണ്ട് ദിവസം മാത്രമാണ് യാത്ര. വിമർശനമായപ്പോൾ അത് രണ്ടു ദിവസം കൂടി നീട്ടി. ജാഥ നടത്തുന്നത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെയാണെന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

2016ലെ ഇടതുസർക്കാരിനെതിരെ വലിയ ആക്രമണമാണ് കോൺഗ്രസും ബി.ജെ.പിയും നടത്തിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും തകർക്കാൻ നോക്കി. രാവിലെ കോൺഗ്രസ് നേതാവ് പറയുന്ന കാര്യം വൈകിട്ട് ബി.ജെ.പി നേതാവും, തിരിച്ചും ആവർത്തിക്കും. ഇപ്പോഴത്തെ യാത്രയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം വച്ചതിലും ഈ യോജിപ്പ് കാണാം. വർഗീയതയോട് വിട്ടുവീഴ്ചയുള്ള സമീപനം സ്വീകരിച്ചതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം. അതിന്റെ ഗുണം ലഭിച്ചത് ബി.ജെ.പിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ,​ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ,​കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ,​ കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ,​ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്,​ പി.എസ്.സി എംപ്ളോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബി.ജയകുമാർ,​ ഗവ.നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ,​ കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.വി.ദീപക്,​ പ്രസിഡന്റ് കെ.ഷൂജ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA