SignIn
Kerala Kaumudi Online
Saturday, 19 September 2026 12.08 PM IST

കേരളത്തെ ഞെരുക്കുന്ന കേന്ദ്രനിലപാടിന് ഒപ്പമാണ് യു.ഡി.എഫ് : മുഖ്യമന്ത്രി

attacks

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുമ്പോൾ പ്രതികരിക്കാത്ത യു.ഡി.എഫ് പരോക്ഷമായി അതിനെ അനുകൂലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ സമാപന പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരിഞ്ചുപോലും കേരളത്തെ മുന്നോട്ടു പോകാനനുവദിക്കില്ലെന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഇത് നാടിന്റെ വികസനത്തെ തടയലല്ലാതെ മറ്റെന്താണ്? ഇന്നലെ ഒരു ശബ്ദം കേട്ടു. ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന്. ഇത്രയും രൂക്ഷമായ അവസ്ഥയുണ്ടായിട്ടും അഭിപ്രായം പറയാറായില്ലെങ്കിൽ പിന്നെപ്പോൾ പറയാനാണ്? കേരളത്തിലെ പ്രതിപക്ഷനേതാവാണിത് പറയുന്നത്. കേന്ദ്രമന്ത്രി മുരളീധരൻ പറയുന്നതാകട്ടെ കേരളത്തിന് ആവശ്യമായതെല്ലാം നൽകിയെന്നും. നാടിന്റെ ഭാവിയെന്നത് ജനങ്ങളുടെയാകെ ഭാവിയാണ്. നാടിന്റെ പൊതുവായ പ്രശ്നമായി കണ്ടുകൊണ്ട് ഒറ്റക്കെട്ടായി ഇതിനെതിരെ നിൽക്കുന്നതിന് എന്താണ് തടസ്സം?

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 33420 കോടി രൂപ വായ്പയെടുക്കാം. എന്നാലിപ്പോൾ പറയുന്നു, 15,390 കോടിയേ കടമെടുക്കാവൂ എന്ന്. എങ്ങനെ ഈ ആശ്ചര്യകരമായ കണക്കിലേക്കെത്തിയെന്നതിന് ഒരു വിശദീകരണവുമില്ല. മുൻകാലങ്ങളിലാണെങ്കിൽ സംസ്ഥാനസർക്കാരിനെ അറിയിക്കുമായിരുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നമുക്കറിയിക്കാം. എന്നാലിവിടെ ആകെയൊരു കണക്കവതരിപ്പിച്ചത് നമ്മുടെയൊരു മന്ത്രിപുംഗവനാണ്. എവിടെ നിന്ന് ഈ കണക്ക് കിട്ടിയെന്ന് അദ്ദേഹവും പറയുന്നില്ല. പത്രസമ്മേളനം നടത്തി ഒരു കേന്ദ്രമന്ത്രി തെറ്റായ കണക്കവതരിപ്പിക്കാമോ?

പെൻഷൻ വിതരണത്തിനായി 12,000കോടി രൂപ കമ്പനി വായ്പയെടുത്തതിൽ പതിനായിരം കോടിയിലേറെ സർക്കാർ തിരിച്ചടച്ചു. എന്നാൽ കേന്ദ്രം പറയുന്നത് 12,000കോടി വായ്പയെടുത്തുവെന്നാണ്. കണക്കിലൊരു നേരും നെറിയും വേണ്ടേ? സാമൂഹ്യപെൻഷൻ കൃത്യമായി കൊടുക്കുകയെന്ന ചുമതല നിറവേറ്റിയ കമ്പനിക്ക് സർക്കാർ പണം തിരിച്ച് കൊടുക്കുമ്പോൾ അതെങ്ങനെ വായ്പയാവും?

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവർ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മതനിരപേക്ഷതയുടെ ഉത്തുംഗശൃംഗമായി നില കൊള്ളേണ്ട പാർലമെന്റ് സൗധത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഒരു വിഭാഗത്തിന്റെ മതചടങ്ങുകൾക്കുള്ള വേദിയാക്കി. ഭരണഘടനാസംവിധാനങ്ങളെയെല്ലാം കാൽക്കീഴിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്തുന്നവർക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുന്നു. മതനിരപേക്ഷത രാജ്യത്തിനാവശ്യമില്ലെന്ന സന്ദേശം നൽകാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കേവലം നിരീക്ഷകരും നിഷ്പക്ഷരുമായിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കടന്നപ്പള്ളി രാമചന്ദ്രൻ, യൂണിയൻ ജനറൽസെക്രട്ടറി എം.എ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA