SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കോൺഗ്രസിന്  ആശ്വാസം : സുധാകരൻ  മെരുങ്ങി, ആന്റണിയും  ഖാർഗെയും ഇടപെട്ടു

k-sudhakaran


രണ്ടാം പട്ടിക പുറത്തുവിട്ടു
എം.പിമാർ ആരും മത്സരത്തിനില്ല
കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹൻ
കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ
പെരുമ്പാവൂരിൽ എൽദോസിന്
പകരം മനോജ് മൂത്തേടൻ

ന്യൂഡൽഹി/തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് വെല്ലുവിളിച്ച കെ.സുധാകരൻ എം.പി ഒടുവിൽ വഴങ്ങിയതോടെ ഡൽഹിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കോൺഗ്രസിനെ വലച്ച പ്രധാന പ്രതിസന്ധി ഒഴിവായി.

രാത്രി വൈകി, 37 പേരുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനും അടൂർ പ്രകാശ് എം.പി അവകാശം ഉന്നയിച്ച കോന്നിയിൽ പ്രൊഫ. സതീഷ് കൊച്ചു പറമ്പിലും മത്സരിക്കും.ലൈംഗികാരോപണകേസ് നേരിടുന്ന സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് പെരുമ്പാവൂരിൽ സീറ്റില്ല. പകരം മനോജ് മൂത്തേടൻ മത്സരിക്കും.

പാർട്ടിക്ക് വിധേയനായിരിക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയതോടെയാണ് മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

മുതിർന്ന നേതാവ് എ.കെ. ആന്റണിയും പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി സംസാരിച്ചതിനെ തുടർന്നാണ് മഞ്ഞുരുകിയതെന്നാണ് സൂചന.

ചൊവ്വാഴ്‌ച മുതൽ ഡൽഹി ഫ്ളാറ്റിലിരുന്ന് പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ശേഷം ഇന്നലെ നാടകീയമായാണ് നിലപാട് മാറ്റിയത്. സുധാകരനുവേണ്ടി രാഹുൽ ഗാന്ധിയുമായി സംസാരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉറപ്പു നൽകിയെന്നും അറിയുന്നു.

എത്ര സമ്മർദ്ദമുണ്ടായാലും സുധാകരനെ മത്സരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹി ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയിൽ സുധാകരനോട് വിട്ടുവീഴ്‌ചവേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചു.

സൂചന മാറുന്നു?​

നിരാശനായ സുധാകരൻ, പാർട്ടി വിടുമെന്ന സൂചനകളാണ് ഇന്നലെ രാവിലെ മുതൽ പ്രചരിച്ചത്. കണ്ണൂരിൽ മത്സരിക്കുമെന്നു മാത്രമല്ല, അനുയായികളെ മറ്റു മണ്ഡലങ്ങളിൽ മത്സരിപ്പിക്കുമെന്നും അഭ്യൂഹം പരന്നു.

ഉച്ചയ്‌ക്ക് 12മണിക്ക് മാദ്ധ്യമങ്ങൾക്കു മുന്നിൽ ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്നറിഞ്ഞതോടെ രമേശ് ചെന്നിത്തല ഇടപെട്ടു. രാഹുൽ ഗാന്ധിയെ ഫോണിൽ വിളിച്ച് ഈഴവ സമുദായത്തിൽ സ്വാധീനമുള്ള സുധാകരനെ അവഗണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ഇളവു നൽകണമെന്നും ബോധ്യപ്പെടുത്തി. സുധാകരനുമായും സംസാരിച്ചു. തിരുവനന്തപുരത്തു നിന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണിയാണ് സുധാകരനെ വിളിച്ച് വാർത്താസമ്മേളനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

സുധാകരന് ഇളവു നൽകാൻ സാദ്ധ്യത ഉണ്ടെന്ന് അറിഞ്ഞതോടെ കോന്നിയിൽ മത്സരിക്കാൻ അടൂർ പ്രകാശ് ഹൈക്കമാൻഡിന് കത്തയച്ചു. ഇതോടെ, കണ്ണൂരിലും കോന്നിയിലും മറ്റു സ്ഥാനാർത്ഥികളുമായി മുന്നോട്ടു പോകാൻ ഹൈക്കമാൻഡ് നിലപാടെടുത്തു. കടുത്ത നടപടിയിലേക്ക് സുധാകരൻ നീങ്ങുമെന്ന അഭ്യൂഹം ശക്തമായി. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സുധാകരൻ അതെല്ലാം തള്ളി.

പാർട്ടി വലുത്,​

ഞാൻ ചെറുത്

പാർട്ടിക്ക് വിധേയനായി തുടരുമെന്നും സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ നിരാശനല്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ വെല്ലുവിളിക്കാൻ താനാളല്ല. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയുടെ അംഗീകാരത്തോടെ മാത്രമേ മത്സരിക്കൂ. സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കമില്ല. എല്ലായിടുത്തും അനുയായികളുണ്ട്. അവരെല്ലാം പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാനുള്ളവരാണ്.

കണ്ണൂർ ജില്ലയിലെ സുധാകര അനുയായികൾ വമ്പൻ വരവേൽപ്പ് നൽകാനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. ഇന്നലെ ഡി.സി.സി ഓഫീസിൽ സുധാകര പക്ഷവും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ട ടി.ഒ. മോഹനൻ പക്ഷവും തമ്മിൽ ചെറിയ ഉരസലുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA