SignIn
Kerala Kaumudi Online
Thursday, 13 August 2026 10.22 PM IST

എം.ആർ.അജിത്ത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജി.മേധാവിയുടെ റിപ്പോർട്ട്

READ ENGLISH VERSION
dd

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉൾപ്പെടെ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്.റിപ്പോർട്ട് ഇന്നലെ വിജിലൻസ് മേധാവി സർക്കാരിന് സമർപ്പിച്ചു.സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റത്തിനുള്ള തടസം നീങ്ങും.അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്.ബി. ഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമ്മാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത്ത്കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA