
കൊച്ചി:സ്പാ മാനേജർ ജോലി ഉറപ്പുനൽകി വിളിച്ചുവരുത്തിയ വീട്ടമ്മയെ തടങ്കലിലാക്കി കൂട്ടമാനഭംഗത്തിനിരയാക്കിയ ക്രിമിനൽ സംഘത്തിൽ വയനാട്ടുകാരിയായ സ്ത്രീയും. വീട്ടമ്മ ഗുരുതരാവസ്ഥയിലായതോടെ ഒളിവിൽപ്പോയ ഇവർക്കും മറ്റൊരു പ്രതിക്കുമായി കളമശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്(30), തൃക്കാക്കര സ്വദേശി ജിത്തു മാർട്ടിൻ(27) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കേസിലുൾപ്പെട്ട ഇടപ്പള്ളി പുക്കാട്ടുപടി റോഡ് ക്ലബ്ബ് ജംഗ്ഷനിലെ ഡിലൈറ്റ് ആയുർവേദിക്ക് വെൽനെസ്സ്പാ പൂട്ടിച്ചു. സ്ഥാപനം കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇടുക്കി സ്വദേശി നിധിൻരാജിന്റെ പേരിലുള്ള സ്ഥാപനം സുഹൃത്ത് ശ്രീരാജാണ് നടത്തിയിരുന്നത്. രണ്ടു വർഷമായി സ്പായുടെ ലൈസൻസും പുതുക്കിയിട്ടില്ല.
കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുളള വീട്ടമ്മ ശാരീരികമായും മാനസികമായും അവശയാണ്. മൊഴി നൽകാനുള്ള മാനസികാവസ്ഥയിലല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു. ശരീരത്തിൽ പീഡനമേറ്റതിന്റെ നിരവധി മുറിവുകളുണ്ട്.
ശ്രീരാജിന് നാല് സ്പാ ഉള്ളതായാണ് വിവരം. സ്പാകളിലേക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്നും പരിശോധിക്കുന്നുണ്ട്. കളമശേരി ഇൻസ്‌പെക്ടർ എ.എൽ.അഭിലാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
ലഹരി നൽകി ക്രൂരപീഡനം
സ്പാ മാനേജരായി ആളെ ആവശ്യമുണ്ടെന്ന ഒ.എൽ.എക്‌സിലെ പരസ്യത്തിലൂടെയാണ് ഇരകളെ വലയിലാക്കിയിരുന്നത്. എറണാകുളത്ത് ഭർത്താവിനൊപ്പം താമസിക്കുന്ന വീട്ടമ്മയാണ് ക്രൂരതയ്‌ക്ക് ഇരയായത്.
രണ്ടാം തീയതിയായിരുന്നു ഇന്റർവ്യൂ. വൈകിട്ട് ജീവനക്കാരുടെ പാർട്ടിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ്, ഒളിവിലുളള സ്ത്രീ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. ബിയറും ലഹരിമരുന്നും നൽകിയപ്പോൾ വിസമ്മതിച്ചു. ബലംപ്രയോഗിച്ച് ലഹരി കഴിപ്പിച്ച് ബോധരഹിതയാക്കി. രണ്ടു ദിവസത്തോളം അതിക്രൂരമായി പീഡിപ്പിച്ചു. സ്ത്രീയും ഉപദ്രവിച്ചതായി പറയുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും വീട്ടമ്മ സുഹൃത്ത് വഴി നൽകിയ പരാതിയിലുണ്ട്. ടാക്സിഡ്രൈവറായ ഭർത്താവ് സംഭവദിവസങ്ങളിൽ യാത്രക്കാരുമായി ഓട്ടത്തിലായിരുന്നു. അതിനാലാണ് കാണാതായെന്ന പരാതികളൊന്നും നൽകാതിരുന്നതെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |