SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.27 AM IST

സുരേഷ്ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം, കമ്മിഷനെ നിയോഗിച്ചേക്കും 

READ ENGLISH VERSION
sureshbabu

തിരുവനന്തപുരം/ പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയായിരുന്ന ഇ.എൻ.സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയേക്കും. അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളിൽ പ്രത്യേക കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തും. ഇതിനുശേഷമാകും നടപടി.

അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പരിശോധിക്കാനാണ് തീരുമാനം. കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. കടുത്ത അച്ചടക്കനടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടത്. മുമ്പും പരാതികൾ ഉയർന്നിരുന്നു. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും സംസ്ഥാന നേതൃത്വത്തിന് അഭിഭാഷക കൈമാറിയിട്ടുണ്ട്. വിഭാഗീയതയുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറയിലെ പ്രവർത്തകരും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. പ്രത്യേക കമ്മിഷനെ നിയോഗിച്ച് പരാതികൾ പരിശോധിക്കാനാണ് സാദ്ധ്യത. ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ജില്ലാസെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും സുരേഷ് ബാബു തുടരുകയാണ്. ഇതാണ് കമ്മിഷനെ നിയോഗിക്കാൻ കാരണം. കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ സ്വീകരിച്ചതും ഇതേ നടപടിയാണ്. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളും. വിപുലീകൃത ജില്ലാക്കമ്മിറ്റികൾ പൂർത്തിയായശേഷമേ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയുള്ളൂ. മുൻ മന്ത്രി എം.ബി.രാജേഷ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെ ജില്ലയിലെ സംഘടന സമവാക്യങ്ങളിലും മാറ്റമുണ്ടായി. നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും സുരേഷ്ബാബു വിരുദ്ധരും പിന്തുണയുമായി എത്തുന്നുണ്ട്.

എൻ.എൻ.കൃഷ്ണദാസ് അടക്കമുള്ളവരെ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് തടസം നിൽക്കുന്നത് സുരേഷ് ബാബുവാണെന്ന പരാതി ദീർഘനാളായി ഉയരുന്നുണ്ട്. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്നാണ് എം.ബി.രാജേഷിന്റെയും നിലപാട്.

യുവതിയുടെ പരാതിയിൽ

ഗുരുതര ആരോപണങ്ങൾ

ഇ.എൻ.സുരേഷ് ബാബുവിനെതിരെ അഭിഭാഷക നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. സംഘടന പരിപാടിക്ക് എത്തിയപ്പോൾ പാർട്ടി ഓഫീസിൽ വച്ച് മോശമായി പെരുമാറി. ഒരു വർഷമായി ഫോണിലും ശല്യപ്പെടുത്തി. പാർട്ടി നടപടിയെടുത്തില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. പാലക്കാട് വിശാല ജില്ലാക്കമ്മിറ്റി അവസാനിക്കുന്നതിന്റെ തലേദിവസം സുരേഷ് ബാബുവിനെ പിണറായി വിജയൻ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഡിജിറ്റൽ തെളിവ് പിണറായി യോഗത്തെ അറിയിച്ചെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം. റിയൽ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം ഉൾപ്പെടെയുള്ള പരാതികളും സുരേഷ് ബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA