
മലപ്പുറം: ഒരു ഹെക്ടർ നെൽപ്പാടത്തിൽ 10 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാകുമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. കനത്തമഴയിൽ നാടാകെ മുങ്ങുമ്പോഴും ജല സംഭരണികളായ നെൽപ്പാടങ്ങൾ സംസ്ഥാനത്ത് വൻ തോതിൽ നികത്തുന്നു. അഞ്ചു വർഷത്തിനിടെ 25,942 ഹെക്ടർ നെൽപ്പാടം ഇല്ലാതായി. നഷ്ടമായത് 2,594.2 കോടി ലിറ്റർ മഴവെള്ളം സംഭരിക്കാനുള്ള ശേഷി!. 2020ൽ 2.02 ലക്ഷം ഹെക്ടറിലായിരുന്നു സംസ്ഥാനത്തെ നെൽക്കൃഷി. ഇപ്പോൾ 1.76 ലക്ഷമായി. ലാഭമില്ലാതായതോടെ മറ്റു കൃഷികളിലേക്ക് മാറുകയോ, ഭൂമി തരം മാറ്റപ്പെടുകയോ ചെയ്തു. ഉത്പാദനച്ചെലവ് വർദ്ധിച്ചതും ഉയർന്ന കൂലിയും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങളോളം വൈകുന്നതും നെൽക്കർഷകരെ പിന്നോട്ടടിപ്പിച്ചു.
ഭൂഗർഭ ജലനിരപ്പ് താഴുന്നു
നെൽപ്പാടം നികത്തിയ ഇടങ്ങളിൽ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് 60 ശതമാനത്തോളം കുറഞ്ഞെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനം. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും. കിണറുകളിലെ ജലനിരപ്പ് പ്രതിവർഷം ഒന്നര മീറ്റർ വരെ താഴും. പാടങ്ങളില്ലാതായതോടെ മഴവെള്ളം വലിയ തോതിൽ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഇത് കിണറുകളിൽ ജലനിരപ്പ് താഴ്ത്തുന്നു.
നെൽപ്പാടം (ഹെക്ടറിൽ)
2000- 3,47,455
2010- 2,13,185
2020- 2,02,152
2022-1,90,575
2023-1,78,393
2025-1,76,210
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |