SignIn
Kerala Kaumudi Online
Friday, 10 July 2026 2.23 AM IST

പബ്ലിക്  പ്രോസിക്യൂട്ടർ  നിയമനം: ജില്ലാ  ജഡ്ജിയുടെ  അഭിപ്രായത്തിന് മുൻഗണനയെന്ന്  ഹൈക്കോടതി

READ ENGLISH VERSION
h

കൊച്ചി: ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ ഭേദഗതിയോടെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ സർക്കുലറിന് ഹൈക്കോടതി അംഗീകാരം നൽകി. ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവരുടെ നിയമനത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തീർപ്പാക്കി.
അർഹരായവരുടെ പട്ടിക തയ്യാറാക്കിയ ശേഷം കളക്ടർ, ജില്ലാ ജഡ്ജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേർക്കണമെന്നാണ് സർക്കാരിന്റെ കരട് മാർഗനിർദ്ദേശത്തിലുള്ളത്. ചർച്ചകൾക്കും മെരിറ്റ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾക്കും ശേഷമായിരിക്കണം സർക്കാർ അഭിഭാഷകരുടെ അന്തിമ പാനൽ തയ്യാറാക്കുക. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിനായിരിക്കണം മുൻഗണന എന്നാണ് കോടതി വ്യക്തമാക്കിയത്.
സർക്കുലറിൽ പ്രഥമ പരിഗണന ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിനായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ജില്ലാ പൊലീസ് മേധാവിയെ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പാനലിൽ ഉൾപ്പെടുത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനും ഉചിത തീരുമാനമെടുക്കാനും പൊലീസ് മേധാവിയുടെ സേവനം സഹായകമാകുമെന്ന് കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA