
കൊച്ചി: സംശയനിഴലിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഏറെയുണ്ടെന്ന് ഹൈക്കോടതി. പലർക്കുമെതിരെ തുടർച്ചയായി ആരോപണമുണ്ടാകുന്നു. എന്തെങ്കിലും കാര്യമില്ലാതെ ഇങ്ങനെ വരില്ല. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് വാക്കാൽ പരാമർശം.
ജയിൽ ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവന നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം, വിശ്വാസ്യതയുള്ള ഒട്ടേറെ ഉദ്യോഗസ്ഥരുമുണ്ട്. ഡി.ജി.പി ആയിരുന്ന യോഗേഷ് ഗുപ്തക്കെതിരെ ഒരു ആരോപണവും താൻ കേട്ടിട്ടില്ല. എന്നാൽ, പിന്നാലെ വന്നയാൾക്കെതിരെ ഇത്രയും ആരോപണങ്ങൾ എവിടെ നിന്നാണ്? ഇരുവരും ഒരേ സ്ഥാനത്തുള്ളവർ. ഒരേ ഡ്യൂട്ടി ചെയ്ത് വന്നവരുമാണ്. ചിലർ മാത്രം അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുന്നു. ഇതിനും എന്തെങ്കിലുമൊക്കെ കാരണമുണ്ടാകുമല്ലോയെന്നും കോടതി പറഞ്ഞു.
എ.ഡി.ജി.പി ആയിരിക്കെ എസ്. ശ്രീജിത്ത് വിദേശത്ത് സ്പാ ഉദ്ഘാടനച്ചടങ്ങിൽ യൂണിഫോമിൽ പങ്കെടുത്തു, ബിനാമി ഇടപാടുകളിലൂടെ വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കി, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തുകയും കീഴുദ്യോഗസ്ഥരെ ഇരയാക്കുകയും ചെയ്തു തുടങ്ങി കടുത്ത ആരോപണങ്ങളാണ് ഹർജിയിലുള്ളത്. മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി ജയിലിലായ കാര്യവും പരാമർശിച്ചു. മറുപടി നൽകാൻ സർക്കാരിനും ഡി.ജി.പിക്കും സമയം അനുവദിച്ച കോടതി ഹർജി വീണ്ടും 26ന് പരിഗണിക്കാൻ മാറ്റി.
അന്വേഷണത്തിന്
സർക്കാരിന് മടി
ആരോപണ വിധേയർക്കെതിരെ അന്വേഷണാനുമതി സർക്കാർ പിടിച്ചുവയ്ക്കുന്നതിലും കോടതി വിമർശനമുന്നയിച്ചു
മാസപ്പടി കേസിൽ എഫ്.ഐ.ആർ ഇടാനും പി.എസ്.സിയ്ക്കെതിരേ അന്വേഷണം നടത്താനും കോടതി പറയണം
ഭരിക്കുന്നവർക്ക് എന്താ ജോലിയെന്ന് മനസിലാകുന്നില്ല. സർക്കാർ അതിന്റെ കടമ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |