
തിരുവനന്തപുരം: ബാർബർ ഷോപ്പുകാർക്കും ബ്യൂട്ടീഷ്യന്മാർക്കും ബാദ്ധ്യതയാകുന്ന തലമുടി വളമാക്കി മാറ്രുന്നതിനായി കാർഷിക സർവകലാശാല വികസിപ്പിച്ച സാങ്കേതിക വിദ്യ ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്. 2014ൽ പ്രൊഫ. പി. രാജേന്ദ്രൻ വൈസ് ചാൻസിലർ ആയിരിക്കെയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ആസിഡ്, ആൽക്കലൈൻ ഹൈഡ്രോളിസിസ് എന്ന രാസപ്രവർത്തനത്തിലൂടെ മുടിയെ 15-16 ശതമാനം അമോണിയം സൾഫേറ്റ് ഉൾപ്പെടുന്ന വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണിത്. എന്നാൽ പേറ്റന്റിനായി അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. അതോടെ പദ്ധതിയുടെ തുടർപ്രവർത്തനവും മുടങ്ങി.
മുടിയെ ആസിഡിലോ, ആൽക്കലൈനിലോ വിഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന കുഴമ്പുരൂപത്തിലുള്ള പദാർത്ഥമാണ് വളമായി മാറുന്നത്.ഇതിനെ മറ്റു സൂക്ഷ്മാണു വളങ്ങളുമായി ചേർത്ത് ഉപയോഗിച്ചാൽ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്ന് പ്രൊഫ.രാജേന്ദ്രൻ സാക്ഷ്യപ്പടുത്തുന്നു.ഇങ്ങനെ ലഭിച്ച വളത്തിൽ നൈട്രജൻ അടങ്ങിയിട്ടുള്ളതിനാൽ പരീക്ഷണ ഘട്ടത്തിൽ പച്ചക്കറി ചെടികളിൽ ഉപയോഗിച്ചപ്പോൾ വർദ്ധിച്ച വിളവ് ലഭിച്ചതായി അദ്ദേഹം പറയുന്നു.
മുടി ബാദ്ധ്യതയായതോടെ ബാർബർഷോപ്പുകളുടെ ലൈസൻസ് പുതുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി കഴിഞ്ഞ ദിവസം 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. പൊതുസ്ഥലത്തോ ജലാശയങ്ങളിലോ അലക്ഷ്യമായി മുടി നിക്ഷേപിക്കുന്നത് ഗുരുതര പ്രതിസന്ധിയ്‌ക്കു കാരണമാണമായപ്പോഴാണ് നിയമം കർശനമാക്കിയത്. കാർഷിക സർവകലാശാലയോ ,കൃഷിവകുപ്പോ പൈലറ്റ് പദ്ധതിയായി ഈ രീതി നടപ്പാക്കിയാൽ കാർഷിക മേഖലയ്ക്കൊപ്പം ബ്യൂട്ടീഷ്യൻ മേഖലയ്‌ക്കും ഉപകാരപ്രദമാകും.
ബയോ ഡീഗ്രേഡേഷനും ചെയ്യാം
മുടിയെ ചെറുതാക്കി മുറിച്ചിട്ട് ബാക്‌ടീരിയയെ ഉപയോഗിച്ചു ജീർണ്ണിപ്പിച്ചും വളമാക്കി മാറ്റാനാകും. എന്നാൽ ഇതിന് മാസങ്ങളെടുക്കും.
ആഫ്രിക്കയിലുണ്ട് മുടി വളം
ആഫ്രിക്കയിൽ ഹരിതകർമ്മ സേനയ്ക്ക് സമാനമായ യൂണിറ്റ് മുടി ശേഖരിക്കാറുണ്ട്. ഇവർ ശേഖരിക്കുന്ന മുടി വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
'' പരീക്ഷണത്തിലൂടെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതാണിത്. വ്യവസായികാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ മുടിയെ വളമാക്കി മാറ്റുന്നതിന്റെ ചെലവ് കുറയും."
- പ്രൊഫ. പി.രാജേന്ദ്രൻ
കാർഷിക സർവകലാശാല
മുൻ വൈസ് ചാൻസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |