SignIn
Kerala Kaumudi Online
Friday, 16 October 2026 5.24 PM IST

ട്യൂമർ വന്ന് പാതി ശരീരത്തെ തളർത്തി, പക്ഷെ പതറാതെ കാശ്‌മീർ യാത്രയ്‌ക്ക് തയ്യാറായി യുവാവ്

ragesh

കാഞ്ഞങ്ങാട്: പതിമൂന്നു വർഷമായി നട്ടെല്ലിന് ട്യൂമർ ബാധിച്ച് നെഞ്ചിന് താഴേക്ക് ചലനശേഷിയും സ്പർശനശേഷിയും നഷ്ടപെട്ട് വീൽ ചെയറിലാണെങ്കിലും സ്വയം കാറോടിച്ച് കാശ്മീരിലേക്ക് തിരിക്കുകയാണ് രാഗേഷ് .ശരീരത്തിന്റെ ഭൂരിഭാഗവും ചലനമില്ലാത്ത അവസ്ഥയിലും ഹിമാലയത്തോളം ഉയർന്ന ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കുകയാണ് ഈ പഴയ ബാർബർഷോപ്പ് തൊഴിലാളി.

ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്നു പള്ളിക്കര മൈലാട്ടി കൂട്ടപ്പുന്ന സ്വദേശിയായ ഈ 37കാരൻ. പുറംവേദനയും നെഞ്ചിന് താഴെ വേദനയും വന്നതോടെയാണ് രാഗേഷിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ തുടക്കം. ഒരു ദിവസം രാവിലെ കിടന്നടുത്ത് നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. നാട്ടിൽ പോയി ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു യു.എ.ഇയിലെ ഡോക്ടർമാരുടെ ഉപദേശം. നേരെ വിമാനത്തിൽ മംഗളൂരുവിലിറങ്ങി നേരെ ആശുപത്രിയിലേക്ക്. നട്ടെല്ലിനാണ് പ്രശ്നമെന്ന് കണ്ടെത്തിയപ്പോഴേക്കും ശരീരം തളർന്നുതുടങ്ങിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഈ സമയത്ത് ഇരു കാലുകളും തളർന്നു. .

സുഷുമ്നാനാഡിക്കുണ്ടായ ക്ഷതം നെഞ്ചിനുതാഴെ തളർത്തിയപ്പോൾ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങൾ. മനക്കരുത്തും ലക്ഷ്യവും ഒടുവിൽ ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിച്ചു. മലപ്പുറത്തുള്ള മുസ്തഫയാണ് ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ കാറുകൾ മോഡിഫൈ ചെയ്യുന്ന കാര്യം അറിയിച്ചത്.

നോർക്കയുടെ പ്രവാസി ക്ഷേമ പദ്ധതിയിലൂടെ അരലക്ഷംരൂപ കിട്ടിയപ്പോൾ വാങ്ങിയ സ്‌കൂട്ടി മുച്ചക്ര മോഡലിലാക്കി. കാറിന്റെ സീറ്റും പിടിപ്പിച്ച് അത് സീറ്റ് ബെൽറ്റ് ഇട്ട് ഇരിക്കാൻ പറ്റുന്ന തരത്തിലാക്കി പുറത്തിറങ്ങാൻ തുടങ്ങി.

അതോടെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വിൽപ്പനയിലൂടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്തി. 2018ൽ നാനോ കാർ രാഗേഷ് സ്വന്തമാക്കി. ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷന്റെ (എ.കെ.ഡബ്ല്യു.ആർ.എഫ്.) നിർദ്ദേശം സ്വീകരിച്ച് കാറിൽ ചില മാറ്റങ്ങൾ വരുത്തി. കൈകൊണ്ട് ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനം ഒരുക്കുകയാണ് ചെയ്തത്. സുഹൃത്തുക്കളുടെ സഹായത്തോടെ രാഗേഷ് പതിയെ കാറോടിക്കാൻ തുടങ്ങി. താമസിയാതെ ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യത്തോടെ ഡ്രൈവിംഗ് ലൈസൻസും നേടി. ലോട്ടറി വിൽപ്പന അതോടെ കാറിലാക്കി.

ലഡാക്ക് യാത്രയ്ക്ക് രണ്ടുലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് രാഗേഷ് പറയുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രാഗേഷ് യാത്രയ്ക്ക് സഹായം തേടിയിട്ടുണ്ട്. ആരെങ്കിലും സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും രാഗേഷ് പറയുന്നു. ബന്ധുക്കളായ രണ്ടുപേരുടെ സഹായമൊക്കെ ഉറപ്പാക്കിയിട്ടുണ്ട്.ഒരുമാസത്തെ യാത്ര ഒക്ടോബർ 10ന് പൊയിനാച്ചിയിൽ മിലിട്ടറി കമാൻഡർ ആയിരുന്ന പി.വി.മനേഷ് ഫ്ളാഗ് ഓഫ് ചെയ്യും. കെ.കോരന്റെയും കെ.വി.രോഹിണിയുടെയും മകനാണ് രാഗേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TUMOUR, YOUTH, KASHMIR TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA