കസ്റ്റഡി ന്യായീകരിച്ച് ഡൽഹി പൊലീസ്
ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷനിലെ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന 'ഇന്ത്യ' മുന്നണി നേതാക്കളുടെ ഹർജിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ,തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവർക്ക് നോട്ടീസ് അയക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങളിൽ മറ്റു രണ്ടു കമ്മിഷണർമാർക്കു വിയോജിപ്പുണ്ടോ എന്നതടക്കം പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.ഐ.ആറിനെ ചോദ്യം ചെയ്തുള്ള ഹർജിയായതിനാൽ സമരങ്ങളുമായി ബന്ധപ്പെട്ട ഹർജികളോടൊപ്പം പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ഇലക്ഷൻ കമ്മിഷന് എതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നാൽപ്പതിലേറെ ഹർജികളാണ് ഇന്നലെ ഒരുമിച്ച് പരിഗണിച്ചത്.
സമരക്കാരെ കസ്റ്റഡിയിലെടുത്തതിനെ ഡൽഹി പൊലീസ് ശക്തമായി ന്യായീകരിച്ചു. സി.ജെ.പി ജൂലായിൽ ജന്തർ മന്ദറിൽ നടത്തിയ സമരത്തിൽ വ്യവസ്ഥകൾ ലംഘിച്ചിരുന്നു. 36 ദിവസത്തിൽപ്പരമാണ് അവിടെ തുടർന്നത്. അതുകൊണ്ടാണ് ഇത്തവണ കടുത്ത മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്നാണ് ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ അറിയിച്ചത്. ജനജീവിതം തടസപ്പെടുത്തരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതു ലംഘിച്ചെന്ന
കോടതിയലക്ഷ്യഹർജികളിലാണ് കമ്മിഷണറുടെ വിശദീകരണം.
നിരോധനാജ്ഞ നിലവിലുള്ള മേഖലകളിൽ പ്രതിഷേധിക്കുന്നവരെ മാത്രമാണ് നീക്കുന്നത്. നേതാക്കളെ എസ്.എച്ച്.ഒയുടെ മുറിയിലാണ് ഇരുത്തുന്നത്. ചായ,കാപ്പി,ഊണ്,ചെറുകടി എന്നിവയെല്ലാം നൽകുന്നുണ്ട്. ചൂടുള്ള മികച്ച ഭക്ഷണമാണ് സമരക്കാർക്ക് കൊടുക്കുന്നത്. ആരെയും നിയമവിരുദ്ധമായി തടങ്കലിലാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ആറു മണിക്കൂറിനകം പറഞ്ഞുവിടുന്നുണ്ടെന്നും അറിയിച്ചു. റെയ്സിന ഹിൽസിന്റെ നാലു കിലോമീറ്രർ ചുറ്റളവിൽ ഒക്ടോബർ 9ന് രാത്രി 10 മുതൽ 24 മണിക്കൂർ മാത്രം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബോധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |