SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

'ഇരുണ്ട ഭൂഖണ്ഡത്തിലെ'' മലയാളി 'പച്ചത്തുരുത്ത്'', ആഫ്രിക്കയിൽ കൃഷിയിറക്കി മലയാളി യുവാവ്

padam

കൊച്ചി: കോഴിക്കോടുകാരൻ അർജാസിനൊരു പച്ചത്തുരുത്തുണ്ട് ആഫ്രിക്കയിലെ സിയറ ലിയോണിൽ. വാഴയും ചീരയും ചേമ്പും ചേനയുമെല്ലാം നൂറുമേനി വിളയുന്ന മൂന്നേക്കർ. കൈനിറയെ വരുമാനവുമുണ്ട്.

ബഹ്റൈൻ റോയൽ ഫാമിലിയുടെ പ്രൈവറ്റ് അഫയേഴ്‌സ് വിഭാഗത്തിൽ അക്കൗണ്ടന്റായിരുന്നു കോഴിക്കോട് വെങ്ങളം സ്വദേശി വി.കെ. അർജാസ് (33). എം.ബി.എയ്‌ക്ക് പഠിക്കുമ്പോഴാണ് ജോലി കിട്ടിയത്. തുടർന്ന് പഠനമുപേക്ഷിച്ച് 2016ൽ ബഹ്റൈനിലെത്തി. ഇതിനിടെ ബിസിനസെന്ന ആഗ്രഹം പിടിമുറുക്കി.

മുൻ എം.എൽ.എ പി.വി. അൻവർ സിയറ ലിയോണിൽ പോയത് കണ്ടതാണ് വഴിത്തിരിവായത്. അതിലൂടെ അവിടത്തെ കച്ചവട സാദ്ധ്യത മനസിലാക്കി. 2021ൽ ജോലി ഉപക്ഷിച്ചു. രാജകുടുംബത്തിൽ ചീഫ് ഷെഫായ അമ്മാവൻ ലത്തീഫും സഹോദരൻ സെർജാസും ഒപ്പം നിന്നു. ഉമ്മ സഫിയയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്ക പ്രകടിപ്പിച്ചു.

2023ൽ സിയറ ലിയോണിലെത്തി. മൂന്നേക്കർ ഭൂമി പാട്ടത്തിനെടുത്തു. നാട്ടിൽ നിന്ന് ഗുണമേന്മയുള്ള വിത്തുകളെത്തിച്ചു. നേന്ത്രവാഴ, പാവൽ, പീച്ചിങ്ങ, വഴുതനങ്ങ, പടവലം, കോവയ്‌ക്ക, ചീര, കപ്പ, ചേന, ചേമ്പ് തുടങ്ങിയവ കൃഷിയിറക്കി. തദ്ദേശീയരായ അഞ്ചുപേരുടെ ഒരേക്കർ ഭൂമിയിലും കൃഷിയിറക്കി. 15 പേർക്ക് ജോലിയും നൽകി.

ആഴ്ചയിൽ 500 കിലോ പച്ചക്കറി വിളവെടുക്കും. സർക്കാർ അനുമതിയോടെ കൃഷി വ്യാപിപ്പിക്കാനും യൂറോപ്പിലേക്കുള്ള കയറ്റുമതിക്കും തയ്യാറെടുക്കുകയാണ് അർജാസ്. കോഴിക്കോട്ട് മെഡിക്കൽ കോഡിംഗ് ട്രെയ്‌നറായ ഷെറിനാണ് ഭാര്യ. മകൻ: ലാമിൻ.

 രാജ്യത്തെ ആദ്യ പച്ചക്കറിക്കട
സിയറ ലിയോണിലെ ആദ്യ പച്ചക്കറിക്കടയും അർജാസിന്റേതാണ്. ഒരാൾ ഒന്നോ രണ്ടോ പച്ചക്കറി വിൽക്കുന്നതായിരുന്നു അവിടത്തെ രീതി. ഇതു മനസിലാക്കി രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ 'വൈബ്രന്റ് വെജ്ജീസ്" തുടങ്ങി. ഉത്തരേന്ത്യക്കാരും മലയാളികളുമാണ് പ്രധാന ഉപഭോക്താക്കൾ. ഓൺലൈനിലൂടെയും വില്പനയുണ്ട്.

ജലലഭ്യത കുറവായതിനാൽ മിശ്രിത രീതിയിലാണ് കൃഷി. വളവും മറ്റും എളുപ്പത്തിൽ കിട്ടാത്തതാണ് പ്രതിസന്ധി.

-അർജാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMING AT AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA