കട്ടപ്പന: ജർമനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന മൂന്നുപേരാണ് അപ്രതീക്ഷിതമായി മരണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നത്. ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ (25) വിട്ടുപോയതിന്റെ വിഷമത്തിൽ നിന്ന് അച്ഛൻ സാബുവിനോ അമ്മ ജ്യോതിക്കോ മുക്തരാകാൻ സാധിച്ചിട്ടില്ല. മരണവാർത്ത അറിഞ്ഞതുമുതൽ തളർന്നുകിടപ്പാണ് ജ്യോതി.
തിങ്കളാഴ്ച രണ്ടുതവണ നോവ വീട്ടിലേക്ക് വിളിച്ചിരുന്നു. മാതാപിതാക്കളെ ജർമനിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. കൂടാതെ കാനഡയിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നോവയുടെ സഹോദരൻ നോയലിന് സ്ഥാനക്കയറ്റം ലഭിച്ചതിന്റെ സന്തോഷത്തിലുമായിരുന്നു കുടുംബം.
സഹോദരിയുടെ മരണവാർത്തയറിഞ്ഞ നോയൽ ഇന്ന് നാട്ടിലെത്തും. റിട്ടയേർഡ് എസ്ഐ ആയ കെ പി സാബുവും ജ്യോതിയും വിസ ശരിയായാലുടൻ മകളുടെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുഹൃത്തുക്കളെ കാണാൻ അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് പോയതായിരുന്നു നോവ. അതിനിടെയാണ് അക്രമി കെട്ടിടത്തിന് തീവച്ചത്.
ബി.കോം ബിരുദധാരിയായ നോവ ജിം ട്രെയിനിംഗ് കോഴ്സ് പാസായ ശേഷം ഇരട്ടയാറിലും വെള്ളയാംകുടിയിലും ജിം ട്രെയിനറായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ജർമൻ ഭാഷ പഠിച്ചതും ജോലി നേടിയതും. ജൂലായ് അഞ്ചിനാണ് നോവ ജർമനിയിലേക്ക് പോയത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന നോവയുടെ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ നിന്ന് നാട്ടുകാരും മുക്തരായിട്ടില്ല.
നോവ ജർമനിയിലെത്തിയിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളു. അതിനാൽ പ്രവാസി മലയാളി സംഘടനകൾക്ക് നോവയെ പരിചയമുണ്ടായിരുന്നില്ല. ഇത് മരണശേഷമുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ചു. ഇതിനിടെ ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം ഡീൻ കുര്യാക്കോസ് എംപി ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു. ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകും. നാട്ടിൽ എപ്പോൾ എത്തിക്കാനാകും എന്ന കാര്യം വ്യക്തമല്ല.
A 25-year-old Malayali woman, Nova from Shanthigram, Idukki, was among three Malayalis who died in an apartment fire in Germany. Her family is devastated by the sudden loss. Nova had moved to Germany in July for work. MP Dean Kuriakose intervened to help expedite procedures to bring her body back to Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |