
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ വധിച്ച കേസിൽ വിചാരണയുടെ ആദ്യദിനം പ്രതികളായ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ എത്തിയത് കറുത്ത മുഖംമൂടിയും ഒരേതരത്തിലുള്ള വസ്ത്രധാരണവുമായി. വിസ്താരത്തിനെത്തുന്ന സാക്ഷികളിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്ന് കോടതി പ്രതികൾക്കു താക്കീത് നൽകി. ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻറെ മുന്നറിയിപ്പ്.
വെള്ളമുണ്ടും വെള്ളഅരക്കയ്യൻ ഷർട്ടുമാണ് 16പ്രതികളും ധരിച്ചിരുന്നത്. കറുത്തതൊപ്പിയും കറുത്തഷൂസുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ മാദ്ധ്യമങ്ങൾ ദൃശ്യമെടുത്ത് പ്രചരിപ്പിക്കുന്നതായി ഇവർ പലപ്പോഴും പരാതിയുന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു വേഷപ്പകർച്ച.
ആക്രമണം നടന്നപ്പോൾ അഭിമന്യുവിനൊപ്പമുണ്ടായിരുന്ന ഒന്നാം സാക്ഷി സുബിനെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. പൊലീസിന് പ്രഥമവിവരം നൽകിയത് സുബിനായിരുന്നു. കോടതി നിർദ്ദേശപ്രകാരം മുഖംമൂടി മാറ്റിയതിനാൽ 13പേരെ സാക്ഷി തിരിച്ചറിഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരെ ഇടിക്കട്ടകൊണ്ട് ആക്രമിച്ച റിയാസ് ഹുസൈൻ, കത്തിവീശിയ സനീഷ് എന്നിവരും ഇതിലുണ്ട്. പ്രതികൾ താടിവടിച്ച് മുടി വെട്ടിയതിനാൽ മൂന്നുപേരെ തിരിച്ചറിയാനാകുന്നില്ലെന്നും സുബിൻ അറിയിച്ചു.
ദൃക്സാക്ഷികളെയെല്ലാം ഒരുമിച്ച് ക്രോസ് വിസ്താരം ചെയ്യണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചെങ്കിലും അഭിമന്യുവിന്റെ കുടുംബം എതിർത്തു. വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, പ്രതിഭാഗത്തിനായി അഡ്വ.ബി.രാമൻപിള്ള, അഭിമന്യുവിന്റെ കുടുംബത്തിനായി അഡ്വ.കെ.എസ്.അരുൺകുമാർ തുടങ്ങിയവർ ഹാജരായി.
2018ജൂലായ് രണ്ടിനാണ് ഇടുക്കി സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാമ്പസിലെ ചുവരെഴുത്ത് തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. എട്ടു വർഷത്തിനുശേഷം, കുറ്റകൃത്യത്തിൽ നേരിട്ടുപങ്കെടുത്ത 16പേരെയാണ് വിചാരണ ചെയ്യുന്നത്. ഇവരെ സഹായിച്ചതിന് പ്രതിചേർത്ത 10പേരുടെ വിചാരണ പിന്നീട് നടക്കും. പ്രോസിക്യൂഷൻഭാഗത്ത് 156സാക്ഷികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |