SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.30 AM IST

രണ്ടാം കൊവിഡ് തരംഗത്തിനിടയാക്കിയത് കൈവിട്ട തിര.പ്രചാരണം:ഹൈക്കോടതി

hc

കൊച്ചി: നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വേളകളിൽ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഇടവരുത്തിയതെന്ന് ഹൈക്കോടതി തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് വേളകളിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രചാരണം നടത്തിയതാണ് ഇൗ ദുഃസ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പാർട്ടികൾ ആഹ്ളാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി അഡ്വ. ഡോ. കെ.പി. പ്രദീപ് നൽകിയ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനെയും ഇലക്ഷൻ കമ്മിഷനെയും രൂക്ഷമായി വിമർശിച്ചത്. ഹൈക്കോടതി ഉത്തരവനുസരിച്ച് മേയ് ഒന്നു മുതൽ അഞ്ചു വരെ നിയന്ത്രണങ്ങൾ നടപ്പാക്കിയെന്ന് ഇലക്ഷൻ കമ്മിഷനും സർക്കാരും ഇന്നലെ കോടതിയിൽ അറിയിച്ചു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് വിമർശനമുന്നയിച്ചത്. പ്രചാരണവേളയിൽ നിയന്ത്രണങ്ങൾ പാലിച്ചെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും കണ്ണടച്ച് ഇരുട്ടാക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.കോടതി ഇടപെട്ടതിനാലാണ് നിയന്ത്രണം സാദ്ധ്യമായത്. സംഭവിച്ചതു സംഭവിച്ചു. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.

 കോടതിയുടെ ചോദ്യശരങ്ങൾ

#എന്തുകൊണ്ട് പ്രചാരണ സമയത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയില്ല?

#പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം 40,000 നു മുകളിലായില്ലേ?

#അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നില്ലേ?

#നിയന്ത്രിച്ചിരുന്നെങ്കിൽ വീണ്ടും ലോക്ക് ഡൗണിലേക്ക് എത്തുമായിരുന്നോ?

#വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടത് നിങ്ങൾ ഉത്തരവിറക്കിയതുകൊണ്ടാണെന്ന് കരുതുന്നുണ്ടോ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA