
കൊച്ചി: തൃശൂർ പൊലീസ് അക്കാഡമിയിലെ അടിസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ബോഡി ബിൽഡിംഗ് താരം ഷിനുവിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സായുധ പൊലീസ് ഇൻസ്പെക്ടറായി ഷിനുവിന് നിയമനം നൽകിയെങ്കിലും നടപടി നിയമക്കുരുക്കിലായിരുന്നു. നിയമന ഉത്തരവ് പുനഃപരിശോധിക്കാൻ പുതിയ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, പരിശീലനത്തിന് അനുമതി നൽകണമെന്ന ഇടക്കാല ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
2009-ലെ ചട്ട ഭേദഗതി പ്രകാരം ഇൻസ്പെക്ടർ തസ്തികയിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കാൻ വ്യവസ്ഥയില്ലെന്നാണ് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചത്. ശാരീരികക്ഷമതാ പരീക്ഷയിൽ എട്ടിൽ നാല് ഇനങ്ങളിൽ മാത്രമാണ് ഷിനുവിന് വിജയിക്കാനായതെന്നും ചൂണ്ടിക്കാട്ടി. നിയമനത്തിനെതിരെ മറ്റ് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ട്രൈബ്യൂണലിന്റെ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |